സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും കോട്ടയത്ത് നിന്നും പണം തട്ടി; റഹീസിന്റെ വെളിപ്പെടുത്തൽ

ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തൽ. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തൽ. 

ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പോലീസ് പറഞ്ഞു. കേസിൽ രാവിലെ മുതൽ റഹീസിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. കേസിലെ മുഖ്യകണ്ണി അഖിൽ സജീവിന്റെ സുഹൃത്താണ് കോഴിക്കോട് സ്വദേശിയും അഭിഭാഷകനുമായ റഹീസ്.

ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ സജീവിനെതിരെയായിരുന്നു കൂടുതൽ ആരോപങ്ങൾ ഉയർന്നത്. ആയുഷ് വകുപ്പിൽ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തിന് 15 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പലതവണയായി കുറേയേറെ പണം നൽകിയെന്നുമാണ് പരാതിക്കാരനായ മലപ്പുറം സാജു റോഡിലെ കാവിൽ അതിരാകുന്നത്ത് ഹരിദാസൻ കുമ്മാളി ആരോപിച്ചിരിക്കുന്നത്. ഇതോടൊപ്പം ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നൽകാമെന്നുപറഞ്ഞ് പണം വാങ്ങിയവർ വ്യാജരേഖ ചമച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*