നാടിനെ നടുക്കിയ ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന് കാരണമായത് കനത്ത മഴയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്. വാഹനത്തില്‍ ഓവര്‍ലോഡായിരുന്നെന്നും 11 പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നാണ് മനസിലാക്കുന്നതെന്നും കളക്ടര്‍ വിശദീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12 മണിയോടുകൂടി മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപ് സ്വദേശിയുടെ സംസ്‌കാരം കൊച്ചിയില്‍ തന്നെ നടത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ബസിലേക്ക് നിരങ്ങി ഇടിച്ചുകയറുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. തെന്നിമാറിയാണ് അപകടം ഉണ്ടായത്. നല്ല മഴയായിരുന്നു. വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തേക്ക് പരമാവധി ഒതുക്കിയിരുന്നുവെന്ന് ബസ് ഡ്രൈവര്‍ രാജീവ് പറഞ്ഞു. കാര്‍ ഓവര്‍ടേക്ക് ചെയ്ത് എത്തുകയായിരുന്നു. ബസ് ഇടത്തേക്ക് തിരിച്ചെങ്കിലും ഓവര്‍ടേക്ക് ചെയ്തെത്തിയ കാര്‍ നിരങ്ങി ബസിനടിയിലേക്ക് കയറുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. റോഡില്‍ നല്ല വെള്ളം ഉണ്ടായിരുന്നു. ഇതാണ് കാര്‍ തെന്നിയതെന്ന് ഡ്രൈവര്‍ പറയുന്നു. ഇദ്ദേഹത്തിനും അപകടത്തില്‍ നിസാര പരുക്കുകളേറ്റിരുന്നു. ബസ് ബ്രേക്ക് ചെയ്തതോടെ സ്റ്റിയറിങ്ങില്‍ പിടിച്ചിരുന്നതിനാല്‍ തെറിച്ചു പോയില്ല. മുകളിലേക്ക് പൊങ്ങി തിരിച്ച് സീറ്റിലേക്ക് ചെന്ന് ഇടിച്ചുവെന്ന് ഡ്രൈവര്‍ പറഞ്ഞു.
വാഹനാപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ത്ഥികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വിദ്യാര്‍ത്ഥികള്‍ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാള്‍സംഭവസ്ഥലത്തും നാല് പേര്‍ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Be the first to comment