മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ; 7 തരം ക്യാന്‍സറുകള്‍ക്ക് കാരണമാകാം: WHO

ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഡബ്ലു.എച്ച്.ഒയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന മദ്യപാനം ക്യാന്‍സര്‍ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും യൂറോപ്പില്‍ 200 ദശലക്ഷം ആളുകള്‍ മദ്യപാനം മൂലം ക്യാന്‍സര്‍ സാധ്യതയുള്ളവരാണെന്നും ആഗോള ആരോഗ്യ സ്ഥാപനമായ ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലെ ഒരു പ്രസ്താവനയിലാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. 

വന്‍കുടലിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏറ്റവും സാധാരണമായ അര്‍ബുദ രോഗങ്ങള്‍  ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എഥനോള്‍ (ആല്‍ക്കഹോള്‍) ഒരു ബയോളജിക്കല്‍ മെക്കാനിസം വഴി ക്യാന്‍സറിന് കാരണമാകുന്നു. അതായത്, കഴിക്കുന്ന അളവ് കുറഞ്ഞാലും കൂടിയാലും മദ്യപാനം ക്യാന്‍സറിന് കാരണമായേക്കും.

അളവില്‍ കുറഞ്ഞ മദ്യപാനം മൂലം രോഗമോ മോശമായ ശാരീരിക അവസ്ഥകളോ ഇല്ലെന്നു തെളിയിക്കാന്‍ സാധുവായ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്. മദ്യത്തിന് സുരക്ഷിതമായ പരിധിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് നിലവില്‍ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. 

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, മദ്യപാനത്തിന് സുരക്ഷിതമായ അളവ് എന്നൊന്നില്ല. മദ്യത്തിന്റെ ആദ്യ തുള്ളി പോലും മദ്യപാനിയുടെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാം. അളവില്ലാതെ കുടിച്ചാല്‍ കൂടുതല്‍ ദോഷം ചെയ്യും എന്നു മാത്രം ഉറപ്പിച്ചു പറയാന്‍ കഴിയും.

 

Be the first to comment

Leave a Reply

Your email address will not be published.


*