‘മിസ്സ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സി’ൽ കിരീടം ചൂടിയ അലക്സാന്ദ്ര റോഡ്രിഗസാണ് ഇപ്പോൾ ലോകത്തിലാകെയും വാർത്തകളിൽ ഇടം നേടുന്ന സുന്ദരി. അതിന് കാരണം മറ്റൊന്നുമല്ല, അവരുടെ പ്രായം തന്നെയാണ്. അഭിഭാഷകയും മാധ്യമപ്രവർത്തകയുമായ അലക്സാന്ദ്രയ്‍ക്ക് 60 വയസ്സാണ് പ്രായം.
സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാവും ഒരു 60 -കാരി ഒരു സൗന്ദര്യമത്സരത്തിൽ കിരീടമണിയുന്നത്. സൗന്ദര്യസങ്കല്പങ്ങളിൽ പ്രായത്തെ കുറിച്ചുള്ള എല്ലാ സാമ്പ്രദായിക സങ്കല്പങ്ങളെയും വെല്ലുവിളിച്ചിരിക്കുകയാണ് ഈ നേട്ടത്തിലൂടെ അലക്സാന്ദ്ര.
‘സൗന്ദര്യമത്സരങ്ങളിൽ ഒരു പുതിയ മാതൃകയാകുന്നതിൽ താൻ സന്തുഷ്ടയാണ്. കാരണം, സൗന്ദര്യമത്സരങ്ങളിൽ ശാരീരിക സൗന്ദര്യം മാത്രമല്ല, മൂല്യങ്ങളും അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ആളെന്ന നിലയിൽ തനിക്ക് അഭിമാനമുണ്ട്’ എന്നാണ് അലക്സാന്ദ്ര തൻ്റെ നേട്ടത്തെ കുറിച്ച് പറഞ്ഞത്.
‘തൻ്റെ തലമുറയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയുള്ള തൻ്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികർത്താക്കൾ മനസിലാക്കിയതായി കരുതുന്നു. മിസ്സ് യൂണിവേഴ്സ് അർജൻ്റീന 2024 കിരീടത്തിനു വേണ്ടി പോരാടാനും താൻ തീരുമാനിച്ചിരിക്കുകയാണ്’ എന്നും അവർ പറഞ്ഞു.
നേരത്തെ സൗന്ദര്യ മത്സരത്തിൽ 18 -നും 28 -നും ഇടയിൽ പ്രായമുള്ളവരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ, 2023 -ൽ ഈ നിയമം മാറുകയും പിറ്റേവർഷം മുതൽ 18 വയസ്സ് മുതൽ എത്ര വയസ് വരെയുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയുമായിരുന്നു.
Be the first to comment