ചൈനീസ് ഇ കൊമേഴ്സ് ഭീമൻ ആലിബാബ ഗ്രൂപ്പ് സിഇഒ ആയി എഡ്ഡി യോങ്മിംഗ് വുവും എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി ജോസഫ് സായിയും സ്ഥാനമേൽക്കും. ഡാനിയൽ ഷാങ്ങിന്റെ പിൻഗാമിയായിട്ടാകും എഡ്ഡി വു സ്ഥാനമേറ്റെടുക്കുക. ഇനി മുതൽ ഗ്രൂപ്പിലെ ക്ലൗഡ് ഇന്റലിജൻസ് യൂണിറ്റിന്റെ പൂർണ മേൽനോട്ടം ഷാങാകും നിർവഹിക്കുക. കമ്പനിയുടെ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയെ ആറ് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കാനുള്ള ഈ വർഷത്തെ ഗ്രൂപ്പ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പിന്തുടർച്ചാ പ്രഖ്യാപനം. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുനഃസംഘടനാ പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കം ബിസിനസ് ഗ്രൂപ്പുകളുടെ വിപുലീകരണത്തിനും സഹായിക്കുമെന്ന് ആലിബാബ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ മുതൽ ഡാനിയൽ ഷാങാണ് ആലിബാബ ഗ്രൂപ്പ് സിഇഒ, ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരുന്നത്.
ആലിബാബയുടെ സഹസ്ഥാപകരിൽ ഒരാളാണ് എഡ്ഡി യോങ്മിംഗ് വു. കൂടാതെ മേയ് മാസം മുതൽ പാർട്ണർഷിപ്പ് അംഗവും താവോബാവോ ആൻഡ് ടിമാൾ ഗ്രൂപ്പിന്റെ ചെയർമാനുമാണ്. 1999-ൽ സ്ഥാപനത്തിന്റെ ടെക്നോളജി ഡയറക്ടറായിരുന്നു. 2005 ഡിസംബർ മുതൽ അലിപേയുടെ ചീഫ് ടെക്നോളജി ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായാണ്. നവംബറിൽ ആലിബാബയുടെ മോണിറ്റൈസേഷൻ പ്ലാറ്റ്ഫോമായ അലിമാമയുടെ ബിസിനസ് ഡയറക്ടറായി. 2007 ഡിസംബറിൽ ജനറൽ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു.
ക്ലൗഡ് കംപ്യൂട്ടിംഗ്, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ്, മീഡിയ, എന്റർടൈൻമെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസ്സ് പ്രവർത്തനങ്ങളുള്ള ചൈനയിലെ ഏറ്റവും പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നാണ് ഹാങ്ഷൂ ആസ്ഥാനമായുള്ള ആലിബാബ.
Be the first to comment