രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് നല്‍കണം; സുപ്രീംകോടതി

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകളും പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും ക്രമീകരണങ്ങള്‍ ചെയ്യണം. ആര്‍ത്തവ സമയത്ത് ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജയ താക്കൂറിന്റെ ഈ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദി വാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 

ആരോഗ്യ സംരക്ഷണം സംസ്ഥാന വിഷയമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ഐശ്വര്യ ഭാട്ടി പറഞ്ഞു.എന്നാല്‍ 2011 മുതല്‍ ഇതിനായി കേന്ദ്ര പദ്ധതികളും ഉണ്ട്. അവയുടെ പൂര്‍ണ്ണ വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്. പിന്നാലെ പെണ്‍കുട്ടികളുടെ സുരക്ഷ, സൗകര്യം, ആരോഗ്യം എന്നിവയ്ക്കായുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളുടെ സൗകര്യത്തിനും ആരോഗ്യ ശുചിത്വത്തിനും വേണ്ടിയുള്ള പദ്ധതികള്‍ക്കായി ചെലവഴിച്ച ഫണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് എല്ലാ സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ പദ്ധതി എന്താണെന്നും കേന്ദ്രത്തിന്റെ ദേശീയ ആരോഗ്യ പദ്ധതിയുടെ ഫണ്ട് അവര്‍ക്കായി ചെലവഴിക്കുന്നുണ്ടോ അതോ സ്വന്തം വരുമാനത്തില്‍ നിന്നാണോ എന്ന് കോടതിയില്‍ വ്യക്തമാക്കണം.

6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കണമെന്ന ഹര്‍ജിയിലാണ് നാലാഴ്ച്ചക്കുള്ളില്‍ ഏകീകൃത നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഈ ഗൗരവമേറിയ വിഷയത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദി വാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി നോഡല്‍ ഓഫീസര്‍ ആയിരിക്കും.എല്ലാവരുമായും കൂടിയാലോചിച്ച ശേഷം മൂന്ന് മാസത്തിനകം പുതുക്കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കും. 

Be the first to comment

Leave a Reply

Your email address will not be published.


*