സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് – കൊമ്പന്‍സ് ആദ്യ സെമിപോരാട്ടം, കലാശപ്പോര് നവംബര്‍ 10ന്

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ സെമി ലെെനപ്പായി. ആദ്യഘട്ടത്തിലെ 10 റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പ്രഥമ ചാമ്പ്യനെ അറിയാന്‍ ഇനി മൂന്ന് മത്സരം ബാക്കി. നവംബര്‍ 5,6 തീയതികളില്‍ സെമിയും 10ന് കലാശപ്പോരാട്ടവും നടക്കും.

19 പോയിന്‍റുമായി കാലിക്കറ്റ് എഫ്‌സിയാണ് പട്ടികയിലെ ഒന്നാമന്‍. 16 പോയിന്‍റുമായി ഫോഴ്‌സ കൊച്ചിയും കണ്ണൂര്‍ വാരിയേഴ്‌സ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോള്‍ 13 പോയിന്‍റുമായി തിരുവനന്തപുരം കൊമ്പന്‍സ് നാലാമതെത്തി. ആദ്യ പോരാട്ടത്തില്‍ കാലിക്കറ്റ് എഫ്‌സിയും കൊമ്പന്‍സും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ കൊച്ചിയും കണ്ണൂരും ബലപരീക്ഷണം നടത്തും. എല്ലാ മത്സരങ്ങളും രാത്രി 7.30ന്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ് നടക്കുക.

പത്ത് മത്സരങ്ങളില്‍ ഒരു കളിയില്‍ മാത്രമാണ് കാലിക്കറ്റ് അടിയറവ് പറയേണ്ടി വന്നത്. അഞ്ച് കളി ജയിച്ചപ്പോള്‍ നാലെണ്ണത്തിന് സമനില വഴങ്ങി. ഇയാൻ ആൻഡ്രു ഗില്ലനാണ്‌ കാലിക്കറ്റിന്‍റെ പരിശീലകൻ. ലീഗില്‍ 18 ഗോളോടെ കൂടുതല്‍ ഗോള്‍ നേടിയ ടീമും കാലിക്കറ്റാണ്.

തിരുവനന്തപുരം കൊമ്പന്‍സ് നിര്‍ണായക മത്സരത്തില്‍ മലപ്പുറത്തെ തോല്‍പ്പിച്ചാണ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. തുടക്കം മികച്ചു നിന്നെങ്കിലും പതിയെ കൊമ്പന്‍സിന് താളം പിഴക്കുകയായിരുന്നു. പത്ത് മത്സരങ്ങളില്‍ മൂന്ന് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമാണ് കൊമ്പന്‍സിന്‍റെ സമ്പാദ്യം. ബ്രസീല്‍ താരങ്ങളാണ് ടീമിന്‍റെ ബലം. 14 ഗോളുകള്‍ കൊമ്പന്‍സില്‍ നിന്ന് പിറന്നപ്പോള്‍ 15 എണ്ണം വഴങ്ങി.

ആദ്യ മൂന്ന് മത്സരങ്ങളില്‍ ജയമില്ലാതിരുന്ന കൊച്ചിക്ക്‌ പ്രതീക്ഷിച്ച തുടക്കമില്ലായിരുന്നു. ഉദ്ഘാടന മത്സരത്തില്‍ മലപ്പുറത്തോട് പരാജയപ്പെട്ട കൊച്ചി പിന്നീട് രണ്ട് കളിയിലും സമനിലയില്‍ കുരുങ്ങി. ലീഗില്‍ കുറഞ്ഞ ഗോള്‍ വഴങ്ങിയ ക്ലബാണ് കൊച്ചി. പത്തെണ്ണം അടിച്ചപ്പോള്‍ തിരിച്ച് കിട്ടിയത് ആകെ എട്ട് ഗോളുകള്‍ മാത്രം. സ്‌പാനിഷ് കോച്ച് മാനുവൽ സാഞ്ചസ്‌ മുറിയാസിനുകീഴിൽ കളത്തിലിറങ്ങിയ കണ്ണൂരിന്‌ അവസാന റൗണ്ടുകളിൽ പാളിച്ചകളുണ്ടായി. 15 ഗോളുകളാണ് വഴങ്ങിയത്. അടിച്ചത്‌ 16 എണ്ണം. മികച്ച സ്‌പാനിഷ്‌ താരങ്ങളും ഇന്ത്യൻ താരങ്ങളും നിറഞ്ഞ കണ്ണൂര്‍ ടീം നിസ്സാരക്കാരല്ല.

Be the first to comment

Leave a Reply

Your email address will not be published.


*