ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു: സജി ചെറിയാന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോടതി ഉത്തരവ് പരിശോധിച്ച് തീരുമാനം എടുക്കും. വ്യക്തിപരമായ ആക്ഷേപം ഒഴിച്ചുള്ള ഭാഗങ്ങള്‍ കൊടുക്കാനായിരുന്നു നിര്‍ദ്ദേശം. അത് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് സജി മോന്‍ പറയിലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി നടപടി. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചിരുന്നു. ഹര്‍ജി ഓഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. സര്‍ക്കാരിനും വിവരാവകാശം നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് കോടതി നോട്ടീസ് അയക്കുക. ജസ്റ്റിസ് പിഎം മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഒരാഴ്ചയ്ക്കകം എതിര്‍കക്ഷികള്‍ മറുപടി നല്‍കണം.

വിവരാവകാശ നിയമപ്രകാരം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീമാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം 26 നകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു കമ്മീഷണറുടെ ഉത്തരവ്.

Be the first to comment

Leave a Reply

Your email address will not be published.


*