‘എല്ലാം സജ്ജം’; ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്റിങിന് തയ്യാറെന്ന് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകം ചന്ദ്രയാൻ മൂന്ന് സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ. ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് (ALS) ആരംഭിക്കാൻ എല്ലാം സജ്ജമാണ്. നിശ്ചയിച്ച പോയിന്റിൽ ലാൻഡർ മൊഡ്യൂള്‍ (LM) എത്താനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവച്ച് കുറിപ്പില്‍ വ്യക്തമാക്കി.

ദൗത്യ പേടകം വിക്രം ലാൻഡർ ഇന്ന്  വൈകിട്ട് 6.04 ന് ചന്ദ്രനിൽ ലാന്റ് ചെയ്യുന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങളുടെ ലൈവ് ടെലികാസ്റ്റ് 5.20ന് ആരംഭിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഐഎസ്ആർഒയുടെ ബെംഗളുരുവിലുള്ള കേന്ദ്രങ്ങൾക്കാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ നിയന്ത്രണം.

ഭൂമിയിൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ ലാൻഡർ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്ങിലെ ഓരോ ഘട്ടവും. പേടകം തിരശ്ചീനമായി സഞ്ചരിക്കുമ്പോൾ 25 കിലോമീറ്റർ മുകളിൽ നിന്നാണ് സോഫ്റ്റ്ലാൻഡിങ് തുടങ്ങുക. ലാൻഡറിലെ ലിക്വിഡ് പ്രൊപ്പൽഷൻ എൻജിനുകൾ പ്രവർത്തിപ്പിച്ചാണ് ഇതിനുള്ള ഊർജം കണ്ടെത്തുന്നത്. ലാൻഡിംഗ് സൈറ്റിന് 150 മീറ്റർ മുകളിൽ വെച്ചെടുക്കുന്ന ഫോട്ടോകൾ ലാൻഡർ പേടകത്തിലെ സെൻസറുകൾ പരിശോധിക്കുകയും ലാൻഡിങ്ങിന് യോഗ്യമെങ്കിൽ സിഗ്നൽ നൽകുകയും ചെയ്യും. ഇതോടെ പേടകം സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 10 മീറ്റർ ഉയരത്തിൽ വരെ എത്തും. ഇവിടെ നിന്ന് അടുത്ത ഒൻപതാമത്തെ സെക്കൻഡിൽ വിക്രം ലാൻഡർ ചന്ദ്രന്റെ മണ്ണിലേക്ക് നാല് പാദങ്ങളും പതിക്കും. ഇത് വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

Be the first to comment

Leave a Reply

Your email address will not be published.


*