77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനം ആരംഭിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായം കുറിച്ച് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണിത്.
മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം കേവലം ഒരു അവാർഡിനപ്പുറം ഇന്ത്യൻ സിനിമയുടെ സാധ്യതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി . ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയിലും പായല്‍ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇടം പിടിച്ചു.
ഫ്രാൻസിലെയും ഇന്ത്യയിലെയും നിർമാണ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പായൽ കപാഡിയയുടെ ആദ്യ ഫീച്ചർ ഫിലിം കൂടിയായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മുംബൈയിലെ രണ്ട് നഴ്സുമാരുടെ ജീവിതത്തിന്റെ കഥ പറയുന്നു. മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവർക്കൊപ്പം ഛായാ കദം, ഹൃദു ഹാറൂൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പകുതിയിലേറെ സംഭാഷണങ്ങളും മലയാളത്തിലാണ്. മുംബൈയിലും രത്‌നഗിരിയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥാകൃത്തും പായൽ കപാഡിയയാണ്.
റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
Be the first to comment