ഇടുക്കി ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂ മന്ത്രിയും സിപിഐ ജില്ലാ സെക്രട്ടറിയും കൂട്ടുനിന്നുവെന്ന് ആരോപണം

ബൈസൺവാലി: ഇടുക്കി ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂ മന്ത്രിയും സിപിഐ ജില്ലാ സെക്രട്ടറിയും കൂട്ടുനിന്നുവെന്ന് ആരോപണം. അടിമാലി സ്വദേശി സിബിക്കാണ് വ്യാജരേഖ ചമയ്ക്കാൻ റവന്യൂ വകുപ്പിന്റെ ഒത്താശ ലഭിച്ചത്.

സിപിഐ ബൈസൺവാലി മുൻ ലോക്കൽ സെക്രട്ടറി എം ആർ രാമകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. അനധികൃത നിർമ്മാണം നടത്തി കിട്ടുന്ന ലാഭവിഹിതത്തിൽ ഒരു പങ്ക് മന്ത്രിക്കും സിപിഐ ജില്ലാ സെക്രട്ടറിക്കും ഉള്ളതാണെന്ന് സിബി പറഞ്ഞുവെന്ന് രാമകൃഷ്ണൻ പറയുന്നു.

സിബിക്ക് 12 ഏക്കർ കൈവശഭൂമി കൈമാറ്റം ചെയ്തത് രാമകൃഷ്ണനാണ്. റെഡ് സോണിൽ ഉൾപ്പെടുന്ന സ്ഥലത്ത് വ്യാപകമായി നിയമലംഘനം നടത്തി കുന്നിടിച്ച് നിരത്തുകയും മരങ്ങൾ മുറിച്ച് കടത്തുകയും ചെയ്തിരുന്നു.

ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ റവന്യൂമന്ത്രി കെ രാജൻ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് മന്ത്രി ഉത്തരവിട്ടു. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറയിച്ചിരുന്നു.

കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഈ സർക്കാർ സ്വീകരിക്കില്ല. ഭൂമി കയ്യേറിയതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയിരുന്നു.

വ്യാജ പട്ടയങ്ങൾ കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കയ്യേറ്റക്കാരോട് വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. അതിന് യാതൊരു മാറ്റവും ഉണ്ടാവില്ല എന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*