
കോട്ടയം: രണ്ട് സുപ്രധാന വിഭാഗങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിന് നാല് പുതിയ തസ്‌തികകൾകൂടി അനുവദിച്ചു. ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ തസ്‌തിക അനുവദിച്ചത്. നിലവിൽ ഡോക്ടർമാരുടെ കുറവ് നേരിടുന്ന വിഭാഗങ്ങളാണിവ. വാതസംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്ന റുമറ്റോളജി വിഭാഗത്തിന് നിലവിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമേ ഒപി ഉള്ളൂ. ഈ ദിവസങ്ങളിൽ നൂറിലേറെപ്പേർ എത്താറുണ്ട്. നിലവിൽ ഒരു അസിസ്‌റ്റന്റ് പ്രൊഫസറും രണ്ട് ജൂനിയർ റസിഡന്റുമാരുമേ റുമറ്റോളജി വിഭാഗത്തിലുള്ളൂ. ഇവർ അധികസമയം ജോലി ചെയ്യേണ്ട സാഹചര്യമാണ്. ഒരു രോഗിയെ പരിശോധിക്കാൻ കുറഞ്ഞത് 15–-20 മിനിറ്റ് വേണ്ടിവരും. രാവിലെ എട്ടിന് തുടങ്ങുന്ന ഒപി രാത്രി 10.30 വരെ നീളും.
ആറ് മാസം മുമ്പ് ആരംഭിച്ച റുമറ്റോളജി വിഭാഗത്തിൽ 12 കിടക്കകളുള്ള വാർഡുണ്ട്. ഡോക്ടർമാരുടെ എണ്ണം കൂടുമ്പോൾ കൂടുതൽ ദിവസങ്ങളിൽ ഒപി പ്രവർത്തിക്കാനാകും. രക്തധമനികളിലെ ബ്ലോക്ക് ശസ്‌ത്രക്രിയ കൂടാതെ ഭേദമാക്കുന്ന ചികിത്സാവിഭാഗമാണ് ഇന്റർവെൻഷണൽ റേഡിയോളജി. സ്വകാര്യ ആശുപത്രികളിൽ വൻ ചെലവ് വരുന്ന ഈ ചികിത്സ രണ്ടുവർഷം മുമ്പ് മെഡിക്കൽ കോളേജിലാരംഭിച്ചത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു. നിലവിലെ രണ്ട് ഡോക്ടർമാരും അഞ്ച് റേഡിയോളജിസ്‌റ്റുകളും എട്ട് നഴ്‌സുമാരും പര്യാപ്‌തമല്ല. ദിവസം 25–-30 പേർക്ക് ചികിത്സ നടത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഈ വിഭാഗത്തിലും ഡോക്ടർമാരുടെ തസ്‌തികകൾ അനുവദിച്ചത്.
Be the first to comment