പാമ്പാടി • തകരാൻ ബാക്കിയില്ലാതെ പഞ്ചായത്തിലെ പ്രധാന റോഡുകൾ. പരാതികൾ ഏറെ നൽകിയെങ്കിലും തിരിഞ്ഞുനോക്കാൻ അധികൃതർക്കു നേരമില്ല. പാമ്പാടി പഞ്ചായത്തിലെ 12-ാം വാർഡിലെ ഓർവയൽ-പൊത്തൻപുറം, കുന്നേൽപാലം- കിഴക്കേപടി റോഡുമാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്. ഓർവയൽ – പൊത്തൻ പുറം റോഡിൽ ചെറുമഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥിതിയാണ്.
വെള്ളക്കെട്ട് ഉള്ളതിനാൽ റോഡിലെ കുഴികൾ യാത്രക്കാർക്കു കാണുന്നതിനു ബുദ്ധിമുട്ടുണ്ട്. അതിനാൽ അപകടസാധ്യത നിലനിൽക്കുന്നു. കുന്നേൽപാലം -കിഴക്കേപടി റോഡിന്റെ അവസ്ഥയാണു പരിതാപകരം. ടാർ ചെയ്ത റോഡെന്നു പേരുണ്ടെങ്കിലും മെറ്റലുകൾ മാത്രമാണു റോഡിൽ അവശേഷിക്കുന്നത്. പ്രദേശവാസികൾ ഓട്ടം വിളിച്ചാൽ ഓട്ടോക്കാർ പോലും ആദ്യമൊന്നു വരാൻ മടിക്കുന്ന സ്ഥിതിയാണ്.
റോഡുകൾ നന്നാക്കുന്നതായി ബന്ധപ്പെട്ടു നാട്ടുകാർ അധികൃതരെ കണ്ടെങ്കിലും മഴ കഴിയട്ടെയെന്നും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിൽക്കുന്നു എന്നുമൊക്കെയുള്ള പതിവു മറുപടികളാണു ലഭിക്കുന്നത്. ഇനിയെങ്കിലും ദുരിതം കണ്ടു റോഡ് നന്നാക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Be the first to comment