വീണ്ടും ഓളമുണ്ടാക്കാൻ അൾട്രോസ്; റേസർ പതിപ്പുമായി ടാറ്റ

അഞ്ച് വർഷം മുമ്പ് നിരത്തിലിറങ്ങി പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ പ്രത്യേക ഇടം ഉണ്ടാക്കിയെടുത്ത കാറാണ് ടാറ്റായുടെ അൾട്രോസ്. എന്നാൽ പിന്നീട് ഒരു ഫേസ് ലിഫ്റ്റൊന്നും ഉണ്ടാകാതിരുന്നത് കൊണ്ടുതന്നെ അൾട്രോസ് ആദ്യമുണ്ടാക്കിയ ഓളം പതുക്കെ നിലയ്ക്കാൻ പോകുന്നു എന്ന് കരുതുമ്പോഴാണ് ഇപ്പോൾ ടാറ്റ വീണ്ടും ആൾട്രോസിന്റെ റേസർ എന്ന മോഡലുമായി രംഗത്തെത്തുന്നത്. വാഹനം ഉടൻ തന്നെ ഷോറൂമുകളിൽ എത്തും. നേരത്തെ തന്നെ അൾട്രോസിന്റെ ഒരു ടർബോ മോഡൽ ഉണ്ടായിരുന്നു. ഐ ടർബോ എന്ന ആ മോഡൽ പക്ഷെ വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നില്ല. ഈ റേസർ മോഡൽ ഐ ടർബോ പ്ലസ് എന്ന വേരിയന്റായാണ് അൾട്രോസ് അവതരിപ്പിക്കുന്നത്.

1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഈ മോഡലിൽ വരുന്നത്. 120 ബിഎച്ച്പി പവറും 170 എൻ എം ടോർക്കുമുണ്ടാകും. ഈ കോൺഫിഗറേഷൻ ശരിക്കും നെക്‌സോണിന്റെ എഞ്ചിന്റെതാണ്. നേരത്തെയുണ്ടായിരുന്ന ഐ ടർബോയേക്കാൾ 10 ബിഎച്ച്പി പവറും 30 എൻഎം ടോർക്കും ഈ എന്ജിന് കൂടുതലുണ്ട്. പുതിയ മോഡൽ അൾട്രോസ് വെറും 11.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് റേസർ വേർഷനിൽ ഇപ്പോൾ കമ്പനി നൽകുന്നുള്ളു. ഐ ടർബോ പ്ലസ് എന്ന വേരിയന്റായി ഈ വാഹനം വരുന്നതോടെ പഴയ ഐ ടർബോ ഇനിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്.

ഡിസൈനിൽ റേസിങ് കാറിന്റെ രൂപം കൃത്യമായി കൊണ്ടുവരാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ ഡ്രൈവറായ നരെയ്ൻ കാർത്തികേയനാണ് കാർ രൂപകൽപന ചെയ്യുന്നതിൽ ടാറ്റയ്ക്ക് നിർദേശങ്ങൾ നൽകിയത്. നരെയ്ൻ കോയമ്പത്തൂർ സ്വദേശിയാണ്. ഒരു റേസർ കാറിനെ ഈ നിലവാരത്തിൽ അവതരിപ്പിക്കാൻ കമ്പനിക്ക് സാധിച്ചത് അത്തരത്തിലൊരു വ്യക്തി അതിനു പിന്നിലുള്ളതുകൊണ്ടാണെന്നാണ് വാഹനപ്രേമികൾ പറയുന്നത്.

ഇത് പൂർണമായും റേസിങ് വാഹനമാണെങ്കിലും സിറ്റിയിലും മറ്റുമുള്ള നിത്യോപയോഗത്തിനും ഉപയോഗിക്കാമെന്ന പ്രത്യേകത കൂടിയുണ്ട്. പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തിൽ വരുന്നതുകൊണ്ട് തന്നെ വാഹനം സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ വാഹനം കൂടിയാണ് അൾട്രോസ്. സാങ്കേതികവിദ്യയിൽ മാറ്റങ്ങളോടെ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും കാഴ്ചയിൽ അൾട്രോസിൽ നിന്ന് കാര്യമായ വ്യത്യാസമൊന്നുമില്ല.

ഡ്യുവൽ ടോൺ നിറങ്ങളിലാണ് കാർ വരുന്നത്. കൂടുതലും കറുപ്പിന്റെ അംശം. വീൽ സൈസിൽ മാറ്റമില്ലെങ്കിലും അലോയിൽ അൾട്രോസിൽ നിന്നും മാറ്റങ്ങളുണ്ട്. ഡോർ ഹാൻഡിലുകൾക്ക് ബോഡി കളർ തന്നെയാണ്. എ,ബി,സി പില്ലറുകൾക്ക് കറുപ്പ് നിറമാണ് നൽകിയിരിക്കുന്നത്. ഏറ്റവും പുറകിലെ അൾട്രോസ് എന്ന ബാഡ്ജിങ്ങും കറുപ്പിൽ. ടാറ്റായുടെ നെക്‌സോൺ, ഹരിയർ ഉൾപ്പെടെയുള്ള മോഡലുകളിൽ പൂർണമായും കറുപ്പ് നിറത്തിൽ ഇറക്കിയ ഡാർക്ക് എഡിഷൻ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

കാറിന്റെ ഏറ്റവും മുകളിൽ സ്‌പോർട്ടി ലുക്ക് നൽകുന്നതിനായി വെളുത്ത നിറത്തിൽ സ്ട്രിപ്പ് നൽകിയിട്ടുണ്ട്. കറുത്ത വലിയ സ്പോയിലറാണ് വണ്ടിയുടെ പിൻവശത്ത് നൽകിയിരിക്കുന്നത്. അത് കാറിന്റെ രൂപം കൂടുതൽ സ്‌പോർട്ടി ആക്കുന്നു. 345 ലിറ്ററാണ് ബൂട്ട് സ്പേസ്.

കൂടുതൽ പവറുള്ള, ദൈനംദിന ഉപയോഗത്തിന് പറ്റുന്ന കാറാണ് പുതിയ ആൾട്രോസ്. പുറത്തുള്ളതിനു സമാനമായ സ്‌പോർട്ടി സ്ട്രിപ്പുകൾ സീറ്റിലും കാണാം. ഉൾഭാഗത്ത് എസി വെന്റിലുൾപ്പെടെ ഓറഞ്ച് നിറം ഒരു തീമായി നൽകിയിരിക്കുന്നു. സെഗ്മെന്റിൽ ആദ്യമായി വെന്റിലേറ്റഡ് സീറ്റ് വരുന്നു എന്ന പ്രത്യേകതയും കാറിനുണ്ട്. ഇൻഫൊർറ്റൈന്മെന്റ് സ്ക്രീനിലും ചെറിയ വ്യത്യാസം ടാറ്റ കൊണ്ടുവന്നിട്ടുണ്ട്. ഇത്തവണ വലിപ്പം കൂടുതലുള്ള 10.2 ഇഞ്ചിന്റെ സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. ഇന്ഫോർറ്റൈന്മെന്റ് സിസ്റ്റം ഹെർമാന്റേതാണ്. സൺ റൂഫ് ഉണ്ട്. മൂന്നുപേർക്ക് സുഖമായി ഇരിക്കാവുന്ന പിൻസീറ്റാണ്‌. ഓടിക്കുമ്പോൾ ടർബോ ലാഗ് ഇല്ല എന്നും ആദ്യം പുറത്തു വരുന്ന റിവ്യൂകൾ സാക്ഷ്യപ്പെടുത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*