
ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസിൽ വധശിക്ഷ നടപ്പാക്കുക. അതിന് മുൻപ് സുപ്രീം കോടതിയിൽ വരെ സമീപിക്കാൻ പ്രതിക്ക് അവകാശമുണ്ടായിരിക്കും. സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ, രാഷ്ട്രപതിയെ ദയാഹർജിയുമായി സമീപിക്കാവുന്നതാണ്. ഇവിടെ വധശിക്ഷ ഇളവ് ചെയ്തില്ലെങ്കിൽ മാത്രമാണ് തൂക്കുകയർ നടപ്പാക്കുക.
ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകി. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
Be the first to comment