അമൽജ്യോതി കോളേജ് പ്രതിഷേധം: മന്ത്രിമാർ കാഞ്ഞിരപ്പള്ളിയിൽ; വിദ്യാർഥി, മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥി പ്രതിഷേധത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടു മന്ത്രിമാരുടെ സംഘം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, മന്ത്രി വി എൻ വാസവൻ എന്നിവർ രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ എത്തി. മന്ത്രിമാർ വിദ്യാർഥികളുമായി ചർച്ച നടത്തി. ഉടൻ മാനേജ്മെന്റ് പ്രതിനിധികളെയും കാണും. വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് ഉടലെടുത്ത പ്രതിഷേധം കഴിഞ്ഞദിവസം സംഘർഷത്തിലേക്ക് കടന്നിരുന്നു.

ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോളേജിലെ വിദ്യാർഥികൾ. ഇതിനിടെ, മന്ത്രിതല ചർച്ചയ്ക്ക് ക്ഷണം ലഭിച്ച വിദ്യാർഥികളെ കോളേജ് മാനേജ്‌മെന്റ് ഇടപെട്ട് പൂട്ടിയിട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോളേജ് മാനേജ്‌മെന്റിനെതിരെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.

മന്ത്രിമാർ പങ്കെടുക്കുന്ന ചർച്ചയിലേയ്ക്കു ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിനെയും വിളിച്ചു വരുത്തിയിട്ടുണ്ട്. ക്യാമ്പസിൽ നടന്ന പോലീസ് നടപടിയെപ്പറ്റി വിവാദം ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ചർച്ചയിലേയ്ക്കു വിളിച്ചു വരുത്തിയിരിക്കുന്നത്.

ഇന്നലെയും വിദ്യാർഥികൾ മാനേജ്മെന്റിനെതിരെ ശക്തമായ സമരം നടത്തിയിരുന്നു. രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യർഥിനി തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് ആത്മഹത്യ ചെയ്തത്. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽനിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*