സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം

ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. കെആര്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് ആലപ്പുഴയിലെ പൊതുസമൂഹത്തിന് അറിയാമെന്നും അതിന്റെ മൂലകാരണം നോക്കിപ്പോയാല്‍ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗത്വത്തിന് നിരക്കാത്ത രീതിയിലുള്ള സംസാരങ്ങളാണ് സുധാകരന്റ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റ മോദി പ്രശംസ അത്ഭുതകരമാണെന്നും എച്ച് സലാം മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഉണ്ടായ പരാജയത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സുധാകരന്‍ രംഗത്തുവന്നിരുന്നു. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എച്ച് സലാമിന്റെ പ്രതികരണം.

‘ആലപ്പുഴയില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് കെആര്‍ ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോയ സമയത്തായിരുന്നു. ആലപ്പഴയിലെ പാര്‍ട്ടിക്കും പൊതുസമൂഹത്തിനും ഗൗരിയമ്മ പോകാനുള്ള മൂലകാരണം ആരാണെന്ന് കൃത്യമായി അറിയാവുന്ന കാര്യമാണ്. പാര്‍ട്ടി അംഗത്വമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഒരുകാലത്തും പാര്‍ട്ടി അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. വ്യക്തി എന്ന നിലയില്‍ അളന്നുനോക്കിയാല്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചപോലെ മറ്റാരെയും പരിഗണിച്ചിട്ടില്ല’- എച്ച് സലാം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*