2000 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറാനുള്ള വില്പന കരാറിൽ ഒപ്പിട്ട് അമേരിക്ക

ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഗോള തലത്തിൽ വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉൾപ്പെടെ ഇസ്രയേലിന് വിൽക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനം.

എഫ്-15 ജെറ്റുകൾ ഉൾപ്പെടെയാണ് അമേരിക്ക വിൽക്കാൻ ഒരുങ്ങുന്നത്. അതിൽ യുദ്ധടാങ്കുകൾക്കുള്ള കാട്രിഡ്ജ്, മോർട്ടാർ കാട്രിഡ്ജ് എന്നിവയെല്ലാം ഉൾപ്പെടുന്നു. യുദ്ധവിമാനത്തിന്റെ നിർമാണത്തിന് വർഷങ്ങളെടുക്കും എന്നതിനാൽ 2029-ലേക്കാകും എഫ് 15 ജെറ്റുകൾ കൈമാറുക. എന്നാൽ ബാക്കി സൈനികോപകരണങ്ങൾ 2026- ഓടുകൂടിയോ അതിനുമുൻപോ നൽകുമെന്നും യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ അറിയിച്ചു.

മെയ് 31ന് ഗാസയിൽ വെടിനിർത്തലിനുള്ള മൂന്ന് ഘട്ട പദ്ധതി ജോ ബൈഡൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഹമാസ്-ഇസ്രയേൽ ചർച്ചകൾ ഫലം കാണാത്തതിനാൽ ഇതുവരെ വെടിനിർത്തൽ സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് 15ന് ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ മധ്യസ്ഥതയിൽ വീണ്ടും വെടിനിർത്തലിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നുണ്ട്. ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയും ഒരുഭാഗത്ത് നിലനിൽക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*