
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍, ഉപകരാര്‍ ഏജന്‍സികള്‍ക്കു നല്‍കേണ്ട തുക കൃത്യസമയത്തു കൈമാറാതിരുന്ന മോട്ടോര്‍വാഹന വകുപ്പ് കുടുങ്ങി. ഓഫീസ് അച്ചടിസാമഗ്രികള്‍ നല്‍കിയിരുന്ന സി-ഡിറ്റ് സേവനം നിര്‍ത്തിയപ്പോള്‍ പ്രതിഫലം നല്‍കാത്തതിനാല്‍ ആര്‍.സി., ലൈസന്‍സ് അച്ചടി മുടങ്ങി. രണ്ട് ഏജന്‍സികള്‍ക്കുമായി 20 കോടി രൂപയാണ് കുടിശ്ശികയുള്ളത്.
മന്ത്രി ഗണേഷ് കുമാറുമായി തര്‍ക്കത്തിലായതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത്ത് കമ്മിഷണറേറ്റില്‍നിന്നു വിട്ടുനിന്നിരുന്നു. തീരുമാനമെടുക്കുന്നതിന് സര്‍ക്കാരിലേക്കയയ്‌ക്കേണ്ട പല ഫയലുകളും വൈകി. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് അച്ചടിയില്‍ മന്ത്രിയും കമ്മിഷണറും വ്യത്യസ്ത നിലപാടുകളെടുത്തതോടെ നിരവധി ഫലയുകള്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചു.
ഓഫീസ് കംപ്യൂട്ടര്‍ ശൃംഖലയിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ദ്ധരില്ലാത്ത അവസ്ഥയാണ്. ഒന്‍പത് മാസത്തെ കുടിശ്ശികയായ 10 കോടി രൂപ സി-ഡിറ്റിനു നല്‍കേണ്ടതുണ്ട്. ഇതില്‍ വീഴ്ചവന്നതിനെ തുടര്‍ന്നാണ് സി-ഡിറ്റ് പിന്മാറിയത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാരായി 200 ജീവനക്കാരാണ് മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ ഉണ്ടായിരുന്നത്. ആര്‍.സി., ലൈസന്‍സ് അച്ചടിയും നേരത്തേ സി-ഡിറ്റിനായിരുന്നു.കൃത്യസമയത്ത് ബില്‍ സമര്‍പ്പിക്കാനും ധനവകുപ്പില്‍നിന്നു തുക വാങ്ങിനല്‍കാനും മോട്ടോര്‍വാഹന വകുപ്പിനു കഴിഞ്ഞിട്ടില്ല.
മന്ത്രിയുമായി ഇടഞ്ഞ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത്തിനെ സ്ഥലംമാറ്റിയിട്ടും ഓഫീസ് നടപടികളിലെ പോരായ്മകള്‍ പരിഹരിച്ചിട്ടില്ല. ധനവകുപ്പിന്റെ അനുമതിയില്ലാതെ കരാറില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് ആര്‍.സി., ലൈസന്‍സ് അച്ചടിക്കുള്ള പ്രതിഫലം കൈമാറുന്നതില്‍ തടസ്സമുണ്ടായത്. മന്ത്രിസഭയുടെ അംഗീകാരം തേടിയാല്‍ പ്രശ്‌നം പരിഹരിക്കാനാകും. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍നിന്നുള്ള ശുപാര്‍ശ സര്‍ക്കാരിലേക്കു ലഭിക്കേണ്ടതുണ്ട്.
ഇതു വൈകുകയാണ്. നാലു ദിവസത്തേക്ക് അച്ചടിക്കുള്ള പി.വി.സി. കാര്‍ഡുകള്‍ കഴിഞ്ഞ ദിവസം കരാര്‍ ഏജന്‍സി തേവരയിലെ അച്ചടി യൂണിറ്റില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ തത്കാലം അച്ചടി പുനരാരംഭിച്ചാലും കുടിശ്ശിക തീര്‍ക്കാന്‍ കഴിയില്ല. നാലു ലക്ഷം ആര്‍.സി.യും 1.40 ലക്ഷം ഡ്രൈവിങ് ലൈസന്‍സും അച്ചിടിക്കാനുണ്ട്.
Be the first to comment