
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിൽ മിഥിലയ്ക്കടുത്ത് സിതാമർഹിയിലെ സീതാ ക്ഷേത്രത്തിൻ്റെ നവീകരണവും പുനരുദ്ധാരണവും ചർച്ചയാക്കി ബിജെപി. കേന്ദ്രമന്ത്രി അമിത് ഷാ തന്നെയാണ് ഈ വിഷയം ചർച്ചയാക്കി ആദ്യം രംഗത്ത് വന്നത്. സീതാ ക്ഷേത്രം പുതുക്കിപ്പണിതതിന്റെ ബഹുമതി ബിജെപിക്ക് വിട്ടുനിൽക്കരുതെന്ന് പ്രധാന പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) പ്രതികരിച്ചു. അതേസമയം ബിജെപിയുടെ സഖ്യകക്ഷി കൂടിയായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) പദ്ധതിക്ക് കൂടുതൽ കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന “ശശ്വത് മിഥില മഹോത്സവ് 2025” പരിപാടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സീതാക്ഷേത്രത്തെ കുറിച്ച് പ്രസംഗിച്ചത്. ‘അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു കഴിഞ്ഞു, ഇനി ബീഹാറിൽ (സീതാമർഹിയിൽ) ഒരു വലിയ സീതാക്ഷേത്രം നിർമ്മിക്കേണ്ട സമയമാണ്. സീതാദേവി തന്റെ ജീവിതത്തിലൂടെ പകർന്ന സന്ദേശം ഈ മഹത്തായ ക്ഷേത്രത്തിലൂടെ പകർന്നുനൽകും. ബീഹാറിൽ തീർച്ചയായും മാ ജാനകി ക്ഷേത്രം നിർമ്മിക്കും’ – എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
തൊട്ടടുത്ത ദിവസം ഇതിനോട് പ്രതികരിച്ച ആർജെഡി തലവൻ ലാലു പ്രസാദ്, അമിത് ഷായ്ക്ക് വേണ്ടി ക്യാമ്പുകൾ നടത്താൻ ബീഹാറിൽ സ്ഥലമില്ലെന്നാണ് പ്രതികരിച്ചത്. സീതാ ക്ഷേത്രം നിർമ്മിച്ചതിന്റെ ബഹുമതി ബിജെപി കൈവശപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ വിശ്വാസ പ്രകാരം സീതാദേവിയുടെ ജന്മസ്ഥലമായി കരുതപ്പെടുന്ന സ്ഥലമാണ് സീതാമർഹി. ഇവിടെ പുനൗര ഗ്രാമത്തിലുള്ള പുനൗര ധാം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ, നവീകരണ പദ്ധതിക്ക് 2023 സെപ്റ്റംബറിലാണ് ആദ്യമായി അനുമതി ലഭിച്ചത്. ആത്മീയ ടൂറിസം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്. അക്കാലത്ത് ജെഡിയുവും ആർജെഡിയും ഒന്നിച്ചുണ്ടാക്കിയ മഹാഗത്ബന്ധൻ സഖ്യമാണ് സംസ്ഥാനം ഭരിച്ചത്. എന്നാൽ മാസങ്ങൾക്ക് ശേഷം 2024 ജനുവരിയിൽ ജെഡിയു വീണ്ടും ബിജെപിയുമായി കൈകോർത്ത് എൻഡിഎയിലേക്ക് മാറി.
സീതാ ക്ഷേത്രത്തിനായുള്ള ബിജെപിയുടെ പുതിയ വാദം എൻഡിഎയ്ക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സഹായിക്കില്ലെന്നാണ് ആർജെഡി കരുതുന്നത്. ബിഹാർ സാമുദായിക ഐക്യത്തിന് പേരുകേട്ട നാടാണെന്നും ലാലു പ്രസാദ് യാദവ് വർഗീയ രാഷ്ട്രീയ നീക്കത്തെ എതിർത്തിട്ടുണ്ടെന്നും പറഞ്ഞ ആർജെഡി വക്താവ് സരിക പാസ്വാൻ സീതാ ദേവിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് പ്രതികരിച്ചത്.
എന്നാൽ സീതാമർഹിയിലെ സീതാ ക്ഷേത്ര പദ്ധതിയും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയും തമ്മിൽ ബന്ധിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. സീതാമർഹിയിലെ പുനൗര ധാം ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇവിടേക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയാണ് അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജെഡിയു ക്യാംപിനെ സന്തോഷിപ്പിച്ചത്. അയോധ്യയെ സീതാമർഹിയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു റോഡ് പദ്ധതിയും കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യണമെന്നും ജെഡി(യു) മുഖ്യ വക്താവും എംഎൽസിയുമായ നീരജ് കുമാർ പറഞ്ഞു.
Be the first to comment