മോദി തന്നെ പ്രധാനമന്ത്രി, ബിജെപിയില്‍ ആശയക്കുഴപ്പമില്ല’; കെജ്‍രിവാളിനെ തള്ളി അമിത് ഷാ

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ തള്ളി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. മോദി പ്രധാനമന്ത്രിയാകാനല്ല, അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് വോട്ട് ചോദിക്കുന്നതെന്ന കെജ്‍രിവാളിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

മോദി റിട്ടയര്‍ ആയാൽ ആരാകും ബിജെപിയിൽ പ്രധാനമന്ത്രിയെന്ന് കെജ്‍രിവാള്‍ ചോദിച്ചിരുന്നു. മോദി ഇന്‍ഡ്യാ സഖ്യത്തോട് ആരെ പ്രധാനമന്ത്രി ആക്കുമെന്ന് ചോദിക്കുന്നു. എന്നാൽ ഇത് താന്‍ തിരിച്ച് ബിജെപിയോട് ചോദിക്കുന്നു. മോദിക്ക് പ്രായം ആകുന്നു. ഉടന്‍ റിട്ടയര്‍ ആവും, പിന്നെ ആര്? ഉത്തരമുണ്ടോ നിങ്ങള്‍ക്ക്? താന്‍ ഇറങ്ങിയതിന്റെ കാറ്റാണ് ഇന്നലെ ദില്ലിയില്‍ വീശിയത്. ഒരിടത്തും ബിജെപിക്ക് സീറ്റ് വര്‍ധിക്കുന്നില്ല. 230 ല്‍ അധികം സീറ്റ് ലഭിക്കില്ല. അധികാരത്തില്‍ വരുന്നത് ഇന്‍ഡ്യാ സഖ്യം ആയിരിക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞിരുന്നു.

തെലങ്കാനയിൽ തങ്ങൾ 10-ലധികം സീറ്റുകൾ നേടുമെന്ന് പറഞ്ഞ അമിത് ഷാ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ഉയർന്നുവരുമെന്നും കൂട്ടിച്ചേർത്തു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ബിജെപി തൂത്തുവാരാൻ പോവുകയാണ്. ജൂൺ നാലിന് ഫലം വരുമ്പോൾ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ബിജെപിയായിരിക്കുമെന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

‘ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ 3 ഘട്ടങ്ങളിൽ എൻഡിഎ 200 സീറ്റുകളിലേക്കെത്തി. നാലാം ഘട്ടം എൻഡിഎയ്ക്ക് ഏറെ ഗുണകരമാകും. ഈ ഘട്ടത്തിൽ പരമാവധി വിജയം നേടും. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എൻഡിഎയും ബിജെപിയും തൂത്തുവാരുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. തെലങ്കാനയിൽ ഞങ്ങൾ പത്തിലധികം സീറ്റുകൾ നേടും’; അമിത് ഷാ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*