ഭരണഘടന ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത്ഷാ ബിആർ അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം.അംബേദ്കറിനെ അപമാനിച്ച ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമർശം അംബേദ്കറിനെ അപമാനിക്കുന്നതും, ഇന്ത്യൻ ഭരണഘടന അപമാനിക്കുന്നതും, രാജ്യത്തെ പട്ടികജാതി പട്ടികവർ വിഭാഗങ്ങളെ അപമാനിക്കുന്നതാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. അമിത്ഷായുടെ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രണ്ടു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്പീക്കർ അടിയന്തരപ്രമേയം അനുവദിച്ചില്ല, സഭ പെട്ടെന്ന് പിരിച്ചുവിടുകയായിരുന്നു. സഭ കൂടുമ്പോൾ വീണ്ടും വിഷയം ഉന്നയിക്കും. പരാമർശം പുറത്തുവന്നത്തോടുകൂടി എക്കാലവും ബിജെപി അംബേദ്കറിന് എതിരാണെന്ന് വ്യക്തമാവുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി കൂട്ടിച്ചേർത്തു.
രാജ്യസഭയിലെ ഭരണഘടന ചർച്ചക്കുള്ള മറുപടി പ്രസംഗത്തിനിടെയായിരുന്നു ആഭ്യന്തര മന്ത്രി നടത്തിയ പരാമർശം വിവാദമായത്. ‘അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ…ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇത്രയും തവണ ഭഗവാനെ വിളിച്ചിരുന്നെങ്കിൽ ഏഴ് ജൻമത്തിലും സ്വർഗം ലഭിച്ചേനേ. അംബേദ്കറുടെ പേര് കോൺഗ്രസ് ആവർത്തിക്കുന്നതിൽ സന്തോഷമുണ്ട്, പക്ഷെ അദ്ദേഹത്തോടുള്ള അവരുടെ യഥാർത്ഥ താൽപ്പര്യം എന്താണെന്ന് കൂടി ഉറക്കെ പറയണം’. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വർഷത്തെ മഹത്തായ യാത്ര എന്ന ചർച്ചയ്ക്കിടെയായിരുന്നു ഷായുടെ പരാമർശം.
അതേസമയം, അമിത് ഷായുടെ പ്രതികരണത്തിനെതിരെ കോൺഗ്രസ് നേതാക്കൾ അതിരൂക്ഷവിമർശനം ഉയർത്തി.മനുസ്മൃതിയിൽ വിശ്വസിക്കുന്നവർക്ക് തീർച്ചയായും അംബേദ്കറുമായി പ്രശ്നം ഉണ്ടാകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്സഭയിൽ അംബേദ്കർ ചിത്രവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ ജയ് ഭീം മുദ്രാവാക്യം മുഴക്കി.ബഹളത്തെ തുടർന്ന് ഇരു സഭകളും രണ്ടു മണി വരെ പിരിഞ്ഞു. വിഷയത്തിലെ പ്രതിഷേധം പാർലമെന്റിനു പുറത്തേക്കും വ്യാപിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.
Be the first to comment