ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്. റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ ധാരണയില്ല. അമ്മ ഷോ റിഹേഴ്‌സല്‍ തിരക്കിലാണ് തങ്ങള്‍. അതിനാണ് പ്രധാന്യം കൊടുക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയുമെന്നും സിദ്ധിഖ് പ്രതികരിച്ചു.

മറ്റ് സംഘടനകളുമായി ചേര്‍ന്ന് ആലോചിച്ച ശേഷം അമ്മ പ്രതികരിക്കും. വളരെ സെന്‍സിറ്റീവായി കൈകാര്യം ചെയ്യേണ്ട വിഷയം. വിശദമായി പഠിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആര്‍ക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാന്‍ സാധിക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു.

അതിക്രമം കാട്ടിയവരില്‍ ഉന്നതരുണ്ടെന്നും നടിമാര്‍ക്ക് അത് തുറന്നു പറയാന്‍ ഭയമെന്നും വ്യക്തമാക്കി ഹേമ കമ്മറ്റി റിപ്പോർട്ട് പറയുന്നുണ്ട്. മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകമെന്നാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്. സിനിമാ മേഖല പുരുഷാധിപത്യമുള്ളതും ചുഴികള്‍ നിറഞ്ഞതുമാണ്. നടിമാര്‍ക്ക് ഇതെല്ലാം തുറന്നു പറയാന്‍ ഭയമാണ്. വെളിപ്പെടുത്തലുകളിൽ ഞെട്ടിയെന്നും ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു.

ശുചിമുറി പോലും നിഷേധിക്കുന്ന സാഹചര്യമാണ്. ജീവനെ ഭയന്നാണ് പോലീസിനെ സമീപിക്കാത്തതെന്ന് നടിമാര്‍ മൊഴി നൽകി. പ്രതികരിക്കുന്നവര്‍ക്ക് രഹസ്യ വിലക്കുണ്ട്. വിധേയപ്പെട്ടില്ലെങ്കില്‍ ഭാവി തന്നെ നശിപ്പിക്കും. വഴങ്ങാത്തവരെ കഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമ്പോൾ നടുക്കുന്ന സത്യങ്ങളാണ് പുറത്തുവരുന്നത്. സിനിമാ രംഗത്തുള്ളത് പുറമേയുള്ള തിളക്കം മാത്രമെന്നും താരങ്ങള്‍ ചന്ദ്രനെപ്പോലെ സുന്ദരന്മാരല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. സഹകരിക്കുന്ന നടിമാര്‍ക്ക് പ്രത്യേക കോഡ് പേരുണ്ട്. വഴിവിട്ട കാര്യം ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. ആരെയും നിരോധിക്കാന്‍ ശക്തിയുള്ളവരാണിവര്‍. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. പോലീസ് ഇടപെടാതെ മാറി നിന്നു എന്നാണ് ഒരു നടി നൽകിയ മൊഴി. സിനിമാ മേഖലയില്‍ നടക്കുന്ന എല്ലാ മോശം സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*