തിരിച്ചുവരവിന് ഒരുങ്ങി അമ്മ; സര്‍ക്കാര്‍ വിളിച്ച നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങൾക്കിടെ തിരിച്ചുവരവിന് ഒരുങ്ങി താര സംഘടനയായ അമ്മ. സർക്കാർ വിളിച്ച സിനിമാ നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ അഡ്ഹോക് കമ്മിറ്റി യോഗത്തിൽ തീരുമാനം. 29ന് താര സംഘടനയെ പ്രതിനിധീകരിച്ച് എട്ടു പേര്‍ പങ്കെടുക്കും. യോഗത്തില്‍ സംഘടനയുടെ ഇന്‍ഷുറന്‍സ് പുതുക്കി. കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ച് അംഗങ്ങൾക്ക് കത്തയച്ചു. ആശയവിനിമയം വൈകിയതിന് ക്ഷമാപണം ചോദിക്കുന്നതായും കത്തിൽ പറയുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം 25 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തതു. ഭൂരിഭാഗം കേസുകളും ആരെയും പ്രതിചേര്‍ക്കാതെയാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ച ശേഷമാകും തുടര്‍ നടപടികള്‍.

രണ്ടു ദിവസം കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം ഉണ്ടായ പരതികളിലാണ് അന്വേഷണം സംഘം കേസ് എടുത്തിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം കേസ് എടുക്കണം എന്ന് ഹൈ കോടതിയുടെയും ആവശ്യം ശക്തമായതോടെയാണ് കൂട്ടത്തോടെ കേസ് എടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചത്.

കുറ്റാരോപിതരുടെ വിവരങ്ങള്‍ പല മൊഴികളിലും വ്യക്തമല്ലത്തിനാല്‍ പല കേസുകളിലും പ്രതികളുടെ പേരുകള്‍ ചേര്‍ത്തിട്ടില്ല. പ്രതികള്‍ ഉള്ള കേസുകളില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെക്കും. തിങ്കളാഴ്ച ഹൈ കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പുതിയ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയെ അറിയിക്കും.

ഹൈക്കോടതി നിര്‍ദേശപ്രകാരമാകും പ്രതികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിക്കുക. പരാതികളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്‍ അടക്കം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 54 ആയി. പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ 29 കേസുകളാണ് എടുത്തിരുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*