അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി ; 77 വയസ്സിലും പഠനത്തെ മുറുകെ പിടിച്ച് ഗോപിദാസ്

ആലപ്പുഴ : ജീവിതത്തിലെ ആ​ഗ്രഹത്തെ മുറുകെ പിടിച്ചു കൊണ്ട് അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ജീവിതം തന്നെ പഠനമാക്കിയ 77 കാരൻ ഗോപിദാസ്. വാർധക്യം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് താന്നിപ്പള്ളിച്ചിറ വീട്ടിൽ ഗോപി ദാസിന്‍റെ മിടുക്ക്. തുല്യതാ പരീക്ഷയെഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ഗോപിദാസ്.

ആറാം ക്ലാസ്സ് വരെ മാത്രം പഠിച്ച ഇദ്ദേഹം കയർ ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു. ഇതിനു ശേഷം പല ജോലികൾ ചെയ്തു. ഒടുവിൽ ആലപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലിയും നോക്കി. പഠിക്കുന്ന കാലത്ത് അമ്മയുടെ ഏക ആഗ്രഹം മകൻ പത്താം ക്ലാസ്സ് വിജയിക്കണമെന്നായിരുന്നു. അമ്മ ജീവിച്ചിരുന്നപ്പോൾ ഇത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. എങ്കിലും ആ സ്വപ്നം പൂവണിയിക്കാൻ വാർധക്യം മറന്ന് ഗോപിദാസ് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സാക്ഷരതാ മിഷൻ്റെ തുല്യതാ പഠനം ആരംഭിച്ചത്.

തുല്യതാ പoനത്തിലൂടെ ഏഴാം ക്ലാസ്സ് വിജയിച്ച ഗോപിദാസിന് പത്താം ക്ലാസ്സിൽ മൂന്ന് എ പ്ലസോടെ മികച്ച വിജയം നേടാൻ കഴിഞ്ഞു. ഇതിന് ശേഷമാണ് പ്ലസ് വൺ പഠനം തുല്യതാ സെൻ്ററായ അമ്പലപ്പുഴ കെ കെ കുഞ്ചു പിള്ള സ്കൂളിൽ ആരംഭിച്ചത്. ഇപ്പോൾ പ്ലസ് വൺ പരീക്ഷയാണ്. പ്ലസ് വണ്ണിൽ ആകെ 107 പഠിതാക്കൾ ഉള്ളതിൽ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് ഗോപി ദാസ്. സംസ്ഥാനത്തു തന്നെ തുല്യതാ പ്ലസ് വൺ പരീക്ഷയെഴുതുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഇദ്ദേഹം. പ്ലസ് ടു പരീക്ഷ കുടി കഴിഞ്ഞാൽ അഭിഭാഷകനാകണമെന്ന ആഗ്രഹമാണ് ഗോപി ദാസിന്.

പoനം ലഹരിയാക്കി മാറ്റിയ ഈ പഠിതാവിനെ തുല്യതാ സെൻ്ററിൽ വെച്ച് ആദരവും കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി ഗോപിദാസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്ലസ് വൺ പരീക്ഷ തുല്യതാ പരീക്ഷയെഴുതുന്ന ഏറ്റവും പ്രായം കുറഞ്ഞ പഠിതാവും ഈ സെൻ്ററിലാണുള്ളത്. കാക്കാഴം കമ്പി വളപ്പിൽ ആഷിക്ക് (21) ആണ് ഈ പഠിതാവ്.

Be the first to comment

Leave a Reply

Your email address will not be published.


*