ഏറ്റുമാനൂര്‍: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ അവലോകനയോഗം ചേർന്നു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ പ്ലാറ്റുഫോമുകളുടെ നിലവാരം മെച്ചപ്പെടുത്തുക, പ്ലാറ്റ്ഫോം മേല്‍ക്കൂരകളുടെ നീളം വര്‍ധിപ്പിക്കുക, സ്റ്റേഷനില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, അതിരമ്പുഴ റോഡ്,നീണ്ടൂര്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അപ്രോച്ച് റോഡുകളുടെ ആരംഭത്തില്‍ ആര്‍ച്ചും, ദിശാ സൂചികകളും സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അപ്രോച്ച് റോഡിലും പാര്‍ക്കിങ് ഏരിയയിലും മതിയായ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു. ഇതിനു പുറമേ പാര്‍ക്കിങ് ഏരിയ വിപുലീകരിക്കാനും പ്ലാറ്റ്ഫോമില്‍ വിശ്രമ മുറി, കുടിവെള്ളം, ടോയ്ലെറ്റ്, പബ്ലിക്ക് അഡ്രസ് സിസ്റ്റം, സ്റ്റാളുകള്‍, GISക്ലോക്ക് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
സ്റ്റേഷന്റെ വടക്ക് ഭാഗത്തു പ്ലാറ്റുഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ചു രണ്ടാമതൊരു ഫുട്ട് ഓവര്‍ ബ്രിഡ്ജ്, ഇതിന് അനുബന്ധമായി ലിഫ്റ്റ്,എസ്‌കലേറ്ററുകള്‍ എന്നിവ നിര്‍മ്മിക്കണമെന്നും നിര്‍ദേശിച്ചു. പഴയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സമീപത്തായി പുതിയ പാര്‍ക്കിങ് ഏരിയ സജ്ജമാക്കണമെന്നും, നീണ്ടൂര്‍ റോഡിന്റെ ഇരു വശത്തുമുള്ള ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സബ് വേ നിര്‍മ്മിക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം കേരളത്തിന്റെ തനത് വസ്തു ശില്‍പ്പ ശൈലിക്ക് അനുസൃതമായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ആവശ്യങ്ങളെല്ലാം രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കാമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കി.
ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ തിരുവനന്തപുരം ഡിവിഷണൽ മാനേജർ എസ് എം ശർമ്മ, റെയില്‍വേ ചീഫ് പ്രൊജക്റ്റ് മാനേജര്‍ പോള്‍ എഡ്വിന്‍, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അരുണ്‍, സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ വിജു വിണ്‍, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ജെറിന്‍, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ (പവര്‍) രഞ്ജിത്ത്, സീനിയര്‍ ഡിവിഷണല്‍ സിഗ്‌നല്‍ ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍ രഞ്ജിത്ത്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ്കുര്യന്‍, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം ബിജു വലിയമല, ജോസ് ഇടവഴിക്കല്‍, എന്‍. മാത്യു, യാത്രക്കാരുടെ പ്രതിനിധി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Be the first to comment