ഏറ്റുമാനൂർ: മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
ഭാരത കത്തോലിക്കാ മെത്രാന് സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെയും കെ.സി.ബി.സിയുടെയും കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിഭാവനം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ബോധവല്‍ക്കരണ പരിപാടിയുടെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ പരിപാടിയ്ക്ക് മാന്നാനം കെ.ഇ. കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി ഡോ. എലിസബത്ത് അലക്സാണ്ടര്‍ നേതൃത്വം നല്കി. ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ദിനാചരണത്തില്‍ പങ്കെടുത്തു.
Be the first to comment