സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം. വാദിഭാഗം അഭിഭാഷകന് നൽകാനുള്ള പ്രതിഫലം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണയായതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകനാണ് പ്രതിഭാഗത്തോട് ഏഴര ലക്ഷം റിയാൽ അഥവാ 1 കോടി 66 ലക്ഷത്തോളം രൂപ പ്രതിഫലം ആവശ്യപ്പെട്ടത്.
തുടർ നടപടിക്രമങ്ങളിലേക്ക് കടക്കാൻ പ്രതിഫലം കൈമാറണം എന്നായിരുന്നു നിർദേശം. ഈ തുക നാട്ടിൽ നിന്ന് അയക്കണമെന്ന് നാട്ടിലെ സഹായസമിതിയോട് റിയാദിലെ നിയമസഹായ സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമെടുക്കാൻ വൈകുന്നുണ്ടെന്നും അത് റഹീമിന്റെ മോചനം വൈകാൻ ഇടയാക്കുമെന്നും റിയാദിലെ സഹായസമിതി പ്രവർത്തകരാണ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.
34 കോടിക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലം കൂടി സൗദിയിലേക്കയക്കാൻ നാട്ടിലെ സഹായസമിതി തീരുമാനിച്ചു. റിയാദിലെ നിയമ സഹായ സമിതി ഭാരവാഹികൾ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നു നാല് ദിവസം കൊണ്ട് ഫണ്ട് സൌദിയിൽ എത്തിക്കാനാകും എന്നാണ് പ്രതീക്ഷ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനാണ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ നിർദേശം.
വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൌണ്ടിൽ പണം എത്തിയാൽ ഇന്ത്യൻ എംബസി മരിച്ച സൌദി ബാലന്റെ കുടുംബത്തിന് പണം കൈമാറും. അതിന് മുമ്പ് ഗവർണറേറ്റിൽ വെച്ച് ഇരു കക്ഷികളും മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കും.
Be the first to comment