കാനില്‍ ചരിത്രമെഴുതി അനസൂയ സെന്‍ഗുപ്ത, മികച്ച നടി; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി

എഴുപത്തിയേഴാമത് കാന്‍ ചലച്ചിത്രോത്സവത്തിൽ ഇന്ത്യന്‍ വിജയഗാഥ. കാനിൽ മികച്ച നടിക്കുള്ള ‘അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ്’ നേടി അനസൂയ സെന്‍ഗുപ്ത. ‘ദ ഷെയിംലെസ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കൊല്‍ക്കത്ത സ്വദേശിയായ അനസൂയ സെന്‍ഗുപ്തയുടെ നേട്ടം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ. ബള്‍ഗേറിയന്‍ ചലച്ചിത്ര നിര്‍മാതാവ് കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘ദ ഷെയിംലെസ്’. 

ഡല്‍ഹിയിലെ വേശ്യാലയത്തില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന രേണുകയെന്ന കഥാപാത്രത്തെയാണ് അനസൂയ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒമാറ ഷെട്ടിയും സിനിമയില്‍ പ്രധാന കഥാപാത്രമായെത്തുന്നു. തങ്ങൾ ഭാഗഭാക്കാവേണ്ടതല്ലാത്ത യുദ്ധത്തില്‍ ധീരമായി പോരാടുന്ന ലോകമെമ്പാടുമുള്ള ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റു പാര്‍ശ്വവല്‍കൃത സമൂഹത്തിനും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പുരസ്‌കാരം സ്വീകരിച്ചശേഷം അനസൂയ പറഞ്ഞു. ”തുല്യതയ്ക്കുവേണ്ടി പോരാടാന്‍ നിങ്ങള്‍ ക്വിയര്‍ ആകണമെന്നില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് മനസിലാക്കാന്‍ കോളനിവല്‍ക്കരിക്കപ്പെടേണ്ടതില്ല. നമ്മള്‍ വളരെ അന്തസ്സുള്ള മനുഷ്യരായാല്‍ മതി,” അനസൂയ കൂട്ടിച്ചേർത്തു.

ഗോവയില്‍ താമസിക്കുന്ന അനസൂയ മുംബൈയിലെ പ്രൊഡക്ഷന്‍ ഡിസൈനറായാണ് അറിയപ്പെട്ടത്. നെറ്റ്ഫ്‌ളിക്‌സിലെ മസാബ മസാബ എന്ന പരിപാടിയുടെ സെറ്റ് ഡിസൈനര്‍ അനസൂയയായിരുന്നു. ചൈതാനന്ദ നായിക് സംവിധാനം ചെയ്ത കന്നഡ ഷോര്‍ട്ട് ഫിലിം ‘സണ്‍ഫ്‌ളവര്‍ വേര്‍ ദ ഫസ്റ്റ് വണ്‍സ് ടു നോ’യ്ക്കും ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നുള്ള മന്‍സി മഹേശ്വരി സംവിധാനം ചെയ്ത ‘ബണ്ണിഹുഡ്’ എന്നീ ഇന്ത്യന്‍ സിനിമകള്‍ക്കും കാനിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ലാ ചൈന്‍സ് സെലക്ഷനില്‍ യഥാക്രമം ഒന്നും മൂന്നും സ്ഥാനമാണ് ഈ സിനിമകൾ നേടിയത്. മികച്ച സിനിമയ്ക്കുള്ള അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ് ചൈനീസ് സംവിധായകന്‍ ഹു ഗുവാന്റെ ‘ബ്ലാക്ക് ഡോഗ്’ കരസ്ഥമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*