
തൊടുപുഴ: മൂന്നാര്‍ ആനയിറങ്കല്‍ ജലാശയത്തില്‍ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ജലാശയത്തിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ജലാശയം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ജലാശയത്തിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപമെത്തിയ സഞ്ചാരികളാണ് ജലാശയത്തില്‍ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ ജലാശയത്തിന് സമീപത്ത് എത്തിയെങ്കിലും രാജന്‍ മുങ്ങി താഴ്ന്നിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയും മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.
ലീഡിങ് ഫയര്‍മാന്‍ മനോജിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Be the first to comment