ധനമന്ത്രി ഉറപ്പു നൽകി; അങ്കണവാടി ജീവനക്കാരുടെ സമരം താല്കാലികമായി അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിച്ചു. 13ആം ദിവസമാണ് അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചത്. സമരസമിതി നേതാക്കള്‍ ധനമന്ത്രിയുമായി ഇന്ന് (ശനിയാഴ്ച) ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ മൂന്ന് മാസത്തിനകം വിഷയം പഠിച്ചു പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പു നല്കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വേതനമായ 12,000 രൂപ വർധിപ്പിക്കുക, ഹെല്‍പ്പര്‍മാര്‍ക്കും ജീവനകാര്‍ക്കുമുള്ള ഇന്‍സെൻ്റീവ് ഓണറേറിയം കുടിശ്ശിക തീര്‍ത്ത് നല്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സി യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 19നായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.

സമരവേദിയില്‍ ഇന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സമരം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അങ്കണവാടി ടീച്ചര്‍മാര്‍ തീരുമാനിക്കുന്നത്. 90 ദിവസത്തിനകം മന്ത്രി വാക്കു പാലിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*