ഒരുകാലത്ത് ലോകത്തെ സമ്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന അനിൽ അംബാനിയുടെ മുംബൈയിലെ വീട് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഇപ്പോഴും മുൻനിരയിൽ തന്നെയാണ്. 17 നിലകളിൽ ഒരുക്കിയ കൊട്ടാരം എന്നുതന്നെ ഈ വീടിനെ വിശേഷിപ്പിക്കാം. മുംബൈയിലെ പാലി ഹിൽസിലാണ് വീട് സ്ഥിതി ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും വിലമതിപ്പുള്ള വീടുകളിൽ ഒന്നായിരുന്നു ഇത്.
എല്ലാ നിലകളും ചേർത്ത് പതിനാറായിരം അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. 70 മീറ്റർ ഉയരമുള്ള കെട്ടിടത്തിൽ ഒരു സെവൻ സ്റ്റാർ ഹോട്ടലിലുള്ള എല്ലാ ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ എത്തിയാണ് ഈ ആഡംബര കൊട്ടാരത്തിന്റെ അകത്തളം ഒരുക്കിയത്. സ്വിമ്മിങ്പൂൾ, ജിംനേഷ്യം, സ്പാ എന്നുവേണ്ട ഏതാനും ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്തിരിക്കുന്ന ഒരു കൂറ്റൻ ഹെലിപാഡ് അടക്കമുള്ള സൗകര്യങ്ങളാണ് ഈ വീട്ടിലുള്ളത്.
ഗ്ലാസ് സീലിങ്ങുകളും വലിയ ജനാലകളും ഉൾപ്പെടുത്തി സ്വാഭാവിക വെളിച്ചം ധാരാളമായി ലഭിക്കുന്ന വിധത്തിലാണ് പ്രവേശന കവാടത്തിന്റെ ഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീടിന്റെ നിർമ്മാണ ചെലവ് 5000 കോടി രൂപ ആണെന്നാണ് രേഖകൾ പ്രകാരം കണക്കാക്കിയിരിക്കുന്നത്.
ആഡംബര കാറുകൾ എല്ലാം പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജാണ് മറ്റൊരു കാഴ്ച. അംബാനി കുടുംബത്തിലെ പിൻതലമുറയിൽപ്പെട്ട ഓരോ കുട്ടികൾക്കുമായി പ്രത്യേകം നിലകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പുൽത്തകിടിയും മരങ്ങളും ചെടികളും ഉൾപ്പെടുത്തിയ പ്രത്യേക ലോൺ ഏരിയ കണ്ണിന് കുളിർമ പകരുന്ന കാഴ്ചയാണ്.
Be the first to comment