‘മഹാരാഷ്ട്രയിൽ ബിജെപിയുടേത് ചരിത്ര വിജയം, കേരളത്തിൽ ബിജെപിക്ക് പ്രകടമായ വളർച്ചയുണ്ട്’: അനിൽ ആന്റണി

മഹാരാഷ്ട്രയിൽ ബിജെപിയുടേത് ചരിത്ര വിജയമെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം നടത്തിയ മുന്നേറ്റം 5 മാസം കൊണ്ട് ജനം തള്ളി കളഞ്ഞുവെന്നതിന്റെ വ്യക്തമായ തെളിവാണ് മഹാരാഷ്ട്രയിലേതെന്നും അനിൽ ആന്റണി അവകാശപ്പെട്ടു. ഏറ്റവും സീറ്റുള്ള പാർട്ടി എന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപിക്ക് പ്രകടമായ വളർച്ചയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2009 ൽ 9 ശതമാനവും 2014 ൽ 13 ശതമാനവും ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 ശതമാനവുമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. ഇന്ന് വന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പാലക്കാട് ബിജെപി രണ്ടാം സ്ഥാനത്താണ്. ഇതെല്ലം സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ പ്രിയങ്ക വയനാട് വന്ന് മത്സരിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിച്ചാൽ തോൽക്കുമെന്ന ഭയം കാരണമാണ് പ്രിയങ്ക ജയിക്കുമെന്ന് ഉറപ്പുള്ള വയനാട് തെരഞ്ഞെടുത്തത്. ഇതിനായി ഗാന്ധികുടുംബം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചതാണ് വയനാട്ടിലെ തെരഞ്ഞെടുപ്പെന്നും അനിൽ ആന്റണി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*