ബിബിസി ഡോക്യുമെന്ററി; കോൺഗ്രസിന്റെ പാർട്ടി പദവികളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ.ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ.ആന്റണി എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോര്‍ഡിനേറ്ററായിരുന്നു.

കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെൻ്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനായ അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു. 

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിൻ്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*