അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ പ്രവേശിച്ചത് വീഴ്ച; നാല് കരാര്‍ ജീവനക്കാരെ പുറത്താക്കും

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിൽ  ലോകകേരള സഭ  നടക്കുമ്പോൾ നിയമസഭാ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തിൽ നാലു ജീവനക്കാർക്കെതിരെ നടപടി.  സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന കരാർ കമ്പനിയുടെ ജീവനക്കാരിയുടെ സഹായത്തോടെയാണെന്ന് അനിത പുല്ലയിൽ അകത്തേക്ക് കടന്നതെന്ന് സ്പീക്കർ എം ബി രാജേഷ്  പറഞ്ഞു. ഈ ജീവനക്കാരിയെയും അനിത പുല്ലയിൽ സഭാ ടിവിയുടെ ഓഫീസിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന മൂന്നു കരാർ ജീവനക്കാരെയുമാണ് ചുമതലയിൽനിന്ന് നീക്കിയത്.

ഫസീല, വിപുരാജ്, പ്രവീൺ, വിഷ്ണു എന്നിവരെയാണ് ഒഴിവാക്കിയത്. ലോക കേരള സഭ നടക്കുന്ന ഹാളിലേക്ക് അനിത പുല്ലയിൽ കയറിയിട്ടില്ലെന്ന് ചീഫ് മാർഷലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അനിത പുല്ലയിൽ പാസില്ലാതെ സഭയുടെ അകത്തേക്കു കടന്നത് വീഴ്ചയാണെന്ന് സ്പീക്കർ പറ‍ഞ്ഞു. പാർക്കിങ് ഏരിയയിൽ നടന്ന ഓപ്പൺ ഫോറത്തിൽ പ്രവേശിക്കാൻ അവർക്കു പാസുണ്ടായിരുന്നു. അതുമായി സഭയുടെ ഇടനാഴിയിലേക്ക് കയറിയതാണ് പരിശോധിച്ചത്. ഓപ്പണ്‍ ഫോറത്തിനുള്ള 500 ക്ഷണക്കത്തിൽ 250 എണ്ണം പ്രവാസി സംഘടനകൾക്കും 250 എണ്ണം വിദ്യാർഥികൾക്കും നീക്കിവച്ചിരുന്നു. അവർക്ക് ഓപ്പൺ ഫോറത്തിനുള്ള ക്ഷണക്കത്ത് ഉണ്ടായിരുന്നതിനാലാണ് സഭാ വളപ്പിലേക്ക് കയറാൻ കഴിഞ്ഞത്.

വിവാദമായതിനെ തുടർന്ന് സഭാ ടി വിയുടെ കരാർ കമ്പനിയോട് വിശദീകരണം വാങ്ങിയിരുന്നു. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചു എന്നവർ സമ്മതിച്ചു. പാസുള്ള വനിതാ ജീവനക്കാരിക്കൊപ്പം വന്നതിനാലാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആന്‍ഡ് വാർഡ് കടത്തി വിട്ടത്. അനിത പുല്ലയിൽ സഭയിലെത്തിയത് ആദ്യദിവസം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു. ശ്രദ്ധയിൽവന്നപ്പോൾ തന്നെ വാച്ച് ആൻഡ് വാർഡ് നടപടിയെടുത്തു. സുരക്ഷാ പരിശോധന ശക്തമാക്കാൻ വാച്ച് ആൻഡ് വാർഡിന് നിർദേശം കൊടുത്തിട്ടുണ്ട്. സഭാ ടിവിയുടെ കരാർ കമ്പനിയെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന്, സാങ്കേതികവും സാമ്പത്തികവും നിയമപരവുമായ വശങ്ങൾ പരിശോധിച്ചാണ് കരാർ കാര്യം തീരുമാനിക്കുന്നതെന്നു സ്പീക്കർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*