സദാചാര ആങ്ങളമാരുടെ സൈബർ ആക്രമണത്തിന് സോഷ്യൽ മീഡിയ കുറിപ്പിലൂടെ മറുപടി നൽകി അന്ന രാജൻ

ധാരാളം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസിൽ അഭിനയ ജീവിതം തുടങ്ങിയ അന്ന ഇപ്പോൾ ഉദ്‌ഘാടനങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളിയുടെ സദാചാര ബോധം മുഴുവൻ പൊട്ടിയൊലിക്കുന്നത് ഹണി റോസും അന്ന രാജനും അടക്കമുള്ള നടിമാരുടെ പ്രൊഫൈലുകൾക്ക് താഴെയാണ്.

അടുത്തിടെ അന്ന പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ധാരാളം മോശം കമന്റുകളാണ് താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വീഡിയോയ്ക്ക് വന്ന കമന്റുകൾക്കും, കാലങ്ങളായുള്ള സദാചാര ആങ്ങളമാരുടെ സൈബർ ആക്രമണത്തിനും സോഷ്യൽ മീഡിയ കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് അന്ന.

സദാചാര വാദികൾക്ക് നടി അന്ന രാജൻ നൽകിയ മറുപടി

നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ ഡാൻസ് വീഡിയോയിൽ എൻ്റെ ചലനങ്ങൾക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.

ചിലപ്പോൾ എൻ്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും. അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും എൻ്റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷമായി ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്. എങ്കിലും എൻ്റെ കഴിവിൻ്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഈ ലോകം എന്റേത് കൂടിയാണ്. നിങ്ങൾക്ക് എൻ്റെ വീഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമെന്റുമായി ദയവായി വരാതിരിക്കുക.

എൻ്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി. എൻ്റെ വസ്ത്രധാരണം കാരണം എൻ്റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. ഞാനൊരു പ്രൊഫഷണൽ ഡാൻസർ അല്ല, മറിച്ച് അഭിനിവേശമുള്ള നർത്തകി മാത്രമാണ്. പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അടുത്തവട്ടം ഒരു പരിമിതികളുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എൻ്റെ പരിമിതികൾ കമെന്റ് ചെയ്യുന്ന ആരാധകർ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.

Be the first to comment

Leave a Reply

Your email address will not be published.


*