പി വി അൻവറിനെതിരെ വീണ്ടും കേസ് ; നടപടി എംഎസ്പി ക്യാമ്പിൽ വച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിൽ

മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ വീണ്ടും കേസ്. മഞ്ചേരി പോലീസാണ് കേസെടുത്തത്. പി വി അൻവർ വാർത്താ സമ്മേളനത്തിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടതിനാണ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പ് കമാന്റന്റ് നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്ത് വിട്ടുവെന്നാണ് പരാതി. അരീക്കോട് എംഎസ്പി ക്യാമ്പിൽ വച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിലാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്.

മുൻ മലപ്പുറം എസ്‍പി പി സുജിത്ത് ദാസുമായി നടത്തിയ ഫോൺസംഭാഷണം പി വി അൻവർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പിന്നാലെ സുജിത്ത് ദാസിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എഡിജിപി എം ആർ അജിത്ത് കുമാർ, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉയർത്തിയത്.

പി‌ന്നീട് ആരോപണങ്ങൾ കടുക്കുകയും ഇത് മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീളുകയും ചെയ്തു. മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി നൽകുകയും അൻവർ ആരോപണങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതാണ് ദിവസങ്ങളാണ് കേരള രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നത്.

മലപ്പുറത്തെ മരംമുറിയിൽ തുടങ്ങി, മാമി തിരോധാനവും തൃശൂർ പൂരം വിവാദവും അടക്കം ഒടുവിൽ ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ പരാമർശവുമടക്കം ഉയർത്തി അൻവർ ഇടതുമുന്നണിയെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാൻ നോക്കുമ്പോൾ പ്രതിപക്ഷവും ഈ ആരോപണങ്ങൾ ഏറ്റെടുത്ത് ആയുധമാക്കുകയാണ്.

പാർട്ടി രൂപീകരിക്കുമെന്നും അൻവർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച മഞ്ചേരിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയുടെ വിവരങ്ങൾ പുറത്തുവിടും. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മത്സരിക്കുമെന്നും യുവാക്കൾ തനിക്കൊപ്പം നിൽക്കുമെന്നും കഴിഞ്ഞ ദിവസം അൻവർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*