കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

കോഴിക്കോട് : കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം.

തലവേദനയും ചര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കിൽ, ഈ കുട്ടിയ്ക്ക് പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

ജനുവരി 28-ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. നട്ടെല്ലില്‍ നിന്നുള്ള നീരിന്റെ പരിശോധനയില്‍ അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും അമീബിക് മെനിന്‍ഞ്ചോ എന്‍സെഫലൈറ്റസിന് ഉള്ള ആറ് മരുന്നുകള്‍ കുട്ടിക്ക് നല്‍കുകയും ചെയ്തിരുന്നതായി കുട്ടിയെ ചികിൽസിച്ച ഡോക്ടർ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*