മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം; ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ ആന്‍റിബയോട്ടിക്കുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: മൃ​ഗങ്ങൾക്ക് നൽകാറുള്ള ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നീ ആൻ്റി-ബയോട്ടിക്കുകൾ അടങ്ങിയ എല്ലാ ഫോമുലേഷനുകളുടെയും ഇറക്കുമതി, നിർമാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. ഈ ആന്റിബയോട്ടിക്കുകളുടെ ദുരുപയോ​ഗം മൃ​ഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന ഡ്ര​ഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നിരോധനം.

സമുദ്രോൽപന കയറ്റുമതി വികസന അതോറിറ്റിയും ഇതേ ആശങ്കകൾ ഉന്നയിച്ചിരുന്നു. കോഴിത്തീറ്റയിലും കാലിത്തീറ്റയിലും ഉൾപ്പെടെ സപ്ലിമെന്റായി ഈ ആന്റിബയോട്ടിക്കുകൾ ഉപയോ​ഗിക്കാറുണ്ട്. മനുഷ്യരിൽ മൂത്രാശയ അണുബാധയുടെയും മറ്റും ചികിത്സയ്ക്കാണ് ഇവ ഉപയോ​ഗിക്കുന്നത്. അസ്ഥിമജ്ജയ്ക്ക് തകരാറ്, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾക്ക് ഈ ആന്‍റിബയോട്ടിക്കുകള്‍ കാരണമാകും.

2018 ല്‍ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ മാംസം, മുട്ട, സമുദ്രവിഭവങ്ങൾ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ എന്നിവയുടെ സംസ്കരണത്തിൽ ക്ലോറാംഫെനിക്കോൾ, നൈട്രോഫ്യൂറാൻ എന്നിവയുൾപ്പെടെ നിരവധി ആൻറിബയോട്ടിക്കുകളുടെയും വെറ്ററിനറി മരുന്നുകളുടെയും ഉപയോഗം നിരോധിച്ചിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*