പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ  ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച്  ക്രൈംബ്രാഞ്ച്. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത  മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ  ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.

കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ പുരാവസ്തു തട്ടിപ്പ് കേസിലാണ് വർഷങ്ങൾ നീണ്ട അന്വേഷണം അവസാനിപ്പിച്ചത്. മോൻസൻ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ കാര്യമായ കണ്ടെത്തലൊന്നുമില്ലാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തിൽ മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ, സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖ, ശിൽപ്പി സന്തോഷ് എന്നവരാണ് അധിക പ്രതികൾ.

തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് പറയുന്ന കുറ്റപത്രം ഉദ്യോഗസ്ഥർ പണം വാങ്ങിയെന്നതിന് തെളിവ് കിട്ടിയില്ലെന്നാണ് വ്യക്തമാക്കുന്നത്.  ഉന്നതരെ സംരക്ഷിക്കാനുള്ള അന്വേഷണം അംഗീകരിക്കുന്നില്ലെന്ന് പരാതിക്കാർ പറഞ്ഞു. പരാതിക്കാരിൽ നിന്ന് 10 കോടിരൂപയാണ് മോൻസൻ മാവുങ്കൽ തട്ടിയത്. എന്നാൽ അഞ്ച് കോടി 45 ലക്ഷം രൂപ മോൻസൻ ചെലവാക്കിയതിന് തെളിവ് കിട്ടിയെന്നും മറ്റ് തുക എവിടെയെന്ന് അറിയാൻ അന്വേഷണം തുടരാമെന്നും വ്യക്തമാക്കുന്നു.

ആലപ്പുഴയിലെ ഒരു പള്ളിക്കമ്മറ്റിയ്ക്ക് ഒരു കോടിയോളം രൂപ മോൻസൻ നൽകിയെന്നും ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ പ്രതിയാക്കി നേരത്തെ ആദ്യഘട്ട കുറ്റപത്രം ക്രൈം ബ്രാ‌ഞ്ച് നൽകിയിരുന്നു. പുരാവസ്തു തട്ടിപ്പിൽ അന്വേഷണം അവസാനിച്ചെങ്കിലും മോൻസന് എതിരായ ബലാത്സംഗം കേസിൽ അന്വേഷണം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*