
തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധിയിൽ റിവ്യു ഹർജി നൽകുമെന്ന് ആന്റണി രാജു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയില്ല ആന്റണി രാജു. 34 വർഷത്തെ കേസാണ്. അന്തിമവിജയം തനിക്ക് തന്നെയാകും. വിചാരണ നേരിടും. നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യുമെന്ന് ആന്റണി രാജു വ്യക്തമാക്കി.
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് കള്ളക്കേസ് ഉണ്ടാക്കിയതെന്ന് ആന്റണി രാജു ആരോപിച്ചു. 2021 ൽ ചിലർ ബോധപൂർവ്വം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ നിയമപരമായി നേരിട്ടിരുന്നു. തൻ്റെ കാരണം കൊണ്ട് കേസ് നീണ്ട് പോയിട്ടില്ല. വിധി പകർപ്പ് കിട്ടിയശേഷം ആവശ്യമെങ്കിൽ റിവ്യൂ പോകും. വേട്ടയാടുംതോറും ശക്തികൂടുമെന്ന് ആന്റണി രാജു പറഞ്ഞു.
ഹൈകോടതി നടപടികളിൽ തെറ്റില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ സി.ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി.
തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതാണ് കേസ്. ആന്റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Be the first to comment