കുട്ടികൾ നേരിടുന്ന സാമൂഹിക ഉത്കണ്ഠയിൽ ആശങ്കപെടേണ്ടതുണ്ടോ? ; പഠനം

സാമൂഹിക ഉത്കണ്ഠ ഇന്നും പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. മുതിർന്നവരേക്കാൾ കൂടുതലായി ഇത് കുട്ടികളിലാണ് കണ്ട് വരുന്നത്. സമൂഹവുമായി ഇടപഴകുമ്പോഴോ മറ്റുള്ളവരോട് സംസാരിക്കുമ്പോഴോ നേരിടുന്ന അസ്വസ്ഥതയോ,ഭയമോ ,ആണ് ഈ ഉത്കണ്ഠയ്ക്ക് കാരണം.എന്നാൽ ഇത് ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ നിലനിൽക്കില്ല എന്നും പ്രായം കൂടുന്നതിന് അനുസരിച്ച് ഇതിന് മാറ്റം സംഭവിക്കുമെന്നും പഠനങ്ങളിൽ പറയുന്നു.

ജേണൽ ഓഫ് ചൈൽഡ് സൈക്കോളജി ആൻഡ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കുട്ടികൾ പ്രശ്നങ്ങളെ നേരിടുന്നത് ഓരോ പ്രായത്തിലും ഓരോ രീതിയിൽ ആണെന്ന് കണ്ടെത്തി. 7 നും 17 നും ഇടയിൽ പ്രായമുള്ള 214 കുട്ടികളെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. കുട്ടികൾ അവർ ചെയ്യുന്ന തെറ്റുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനായി ഒരു വീഡിയോ ഗെയിം നൽകി.പരീക്ഷണത്തിൽ പതിനൊന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ ഗെയിമിൽ തെറ്റ് സംഭവിച്ചതിന് ശേഷം വളരെ അസ്വസ്ഥരാവുകയും ,പിന്നീട് അവർക്ക് അത് തുടരാൻ സാധിക്കാതെ വരുകയും ചെയ്തു , എന്നാൽ ഗവേഷണത്തിൽ പതിനൊന്ന് വയസ്സിന് മുകളിലുള്ള കുട്ടികളിൽ ഈ പ്രശ്നമുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല.ഉത്കണ്ഠ ഉണ്ടായപ്പോൾ കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ സാധിക്കാതെ,അവർ കൂടുതൽ ഭയപ്പെടുന്നതായും, സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന് അറിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പഠനത്തിൽ കണ്ടെത്തി.

കാലക്രമേണ ഇതിന് മാറ്റം സംഭവിക്കുമെന്നും വളരുമ്പോൾ സാമൂഹിക ഉത്കണ്ഠ ഉണ്ടെങ്കിൽ പോലും തെറ്റുകളിൽ നിന്ന് മുന്നോട്ട് പോകാനുള്ള അവരുടെ കഴിവ് വർധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.സാമൂഹിക ഉത്കണ്ഠയുള്ള കുട്ടികൾ എല്ലാ കാര്യത്തിനെയും പൊതുവെ ഭയത്തോടെയാണ് സമീപിക്കുന്നത്. അവർക്ക് ആ സമയം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതിനെ കുറിച്ച് അവബോധം നൽകാൻ മുതിർന്നവരോ ,സുഹൃത്തുക്കളോ സഹായിക്കണം.ഇങ്ങനെ സഹായം ലഭിക്കാത്തത് കൊണ്ടാണ് പലപ്പോഴും കുട്ടികൾ മറ്റുള്ളവരോട് സംസാരിക്കാൻ പോലും കഴിയാതെ അവരിലേക്ക് തന്നെ ഒതുങ്ങി പോകുന്നത് ,പ്രായമായിട്ടും കുട്ടികളിൽ ഇങ്ങനെ ഉത്കണ്ഠ നിലനിൽക്കുന്നു എങ്കിൽ വിദഗ്ധ ചികിത്സ നൽകുന്നതിന്റെ പ്രാധാന്യം കൂടെ മനസിലാക്കണമെന്നും ഗവേഷകർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*