ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലെങ്കിൽ ഇ.കോളി മുതൽ നോറോ വൈറസ് വരെ ശരീരത്തിലെത്താം

ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലെങ്കിൽ അണുക്കൾ പടർന്ന് പലവിധ രോഗങ്ങൾക്കും കാരണമാകുമെന്ന് അറിയുന്നവർ ചുരുക്കമാണ്. ഇതിനെ പ്രതിരോധിക്കാൻ ടോയ്ലറ്റിന്റെ മൂടി അടച്ചുവേണം ഫ്ലഷ് ചെയ്യേണ്ടത്. എന്നാൽ ഇപ്രകാരം ചെയ്യുന്നവരാകട്ടെ വളരെ ചുരുക്കവും.ഫ്ലഷ് ചെയ്യുന്ന സമയത്ത് ഒരുകൂട്ടം അണുക്കൾ വായുവിലേക്ക് കടക്കും. വൈറസ്, ബാക്ടീരിയ തുടങ്ങിയ നിരവധി രോഗാണുക്കളുടെ കൂട്ടമായിരിക്കും അത്.

കാഴ്ചയിൽ പ്രകടമാകാത്ത ഇവ ചുറ്റും പടരുന്നതിനൊപ്പം ഏതെങ്കിലും പ്രതലത്തിൽ ചെന്നിരിക്കുകയും ചെയ്യും. 2022-ൽ കൊളൊറാഡോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ ഇതുസംബന്ധിച്ച പഠനം. നടത്തിയിരുന്നു. പ്രൊഫസറായ ജോൺ ക്രിമാൽഡിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. തുടർന്നാണ് ഫ്ലഷ് ചെയ്യുമ്പോൾ പുറത്തുവരുന്ന ബാക്ടീരിയകളും വൈറസുകളും വായുവിൽ അഞ്ചടി ഉയരത്തിലെങ്കിലും പടരുമെന്ന് കണ്ടെത്തിയത്. ഒരു വ്യക്തിയുടെ മൂക്കിനടുത്തെത്താൻ വെറും സെക്കൻഡുകൾ മാത്രം മതിയെന്നും ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.

മാത്രവുമല്ല, ഇവ ടോയ്ലറ്റിലിരിക്കുന്ന സിങ്കിലും ടവ്വലുകളിലും മറ്റുവസ്തുക്കളിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. ഇവയിൽ സ്പർശിച്ച് വേണ്ടവിധം കൈകൾ ശുചിയാക്കാതിരിക്കുന്നതിലൂടെ അത് ശരീരത്തിലെത്തും. ഇ.കോളി, നോറോ വൈറസ് തുടങ്ങി കൊറോണാ വൈറസ് വരെ ഇപ്രകാരം ശരീരത്തിലെത്താമെന്ന് ഗവേഷകർ പറയുന്നു. ഗ്യാസ്ട്രിക് സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശസംബന്ധമായവ, ചർമത്തെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവയൊക്കെ ഇതിലൂടെ പിടിപെടുകയും ചെയ്യാം.

ടോയ്ലറ്റ് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായി ഗവേഷകർ പറയുന്നത്. ടോയ്ലറ്റിൽ ഇടയ്ക്കിടെ അണുനാശിനികൾ ഉപയോഗിക്കുകയും വേണം. ഓരോതവണം ടോയ്ലറ്റിൽ പോകുമ്പോഴും കൈകൾ നന്നായി സോപ്പിട്ട് കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. പ്രത്യേകിച്ച് വീട്ടിൽ ആർക്കെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും വിദഗ്ധർ പറയുന്നു.

വീട്ടിലാർക്കെങ്കിലും ഡയേറിയ, നോറോവൈറസ് പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ടോയ്ലറ്റ് സീറ്റുകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ബാത്റൂമിലെ പ്രതലങ്ങൾ ദിവസത്തിൽ രണ്ടുതവണയെങ്കിലും വൃത്തിയാക്കുകയും വേണം. ഇനി പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉപയോഗിക്കണമെന്നും വിദഗ്ധർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*