
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന് പുതിയ മുന്നേറ്റം. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് സ്മാർട്ട്‌ഫോൺ ബ്രാന്റുകളിൽ ഒന്നായി ആപ്പിൾ ഇടം നേടിയിരിക്കുന്നു. ഇന്ത്യയിൽ ഐഫോൺ വിൽപ്പന ആരംഭിച്ച കാലം മുതൽ ഇതാദ്യമായാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്.
ഐഫോണിന്റെ ഉയർന്ന വില ഇന്ത്യൻ ഉപഭോക്താക്കളെ മാറ്റി നിർത്തിയിരുന്നെങ്കിലും ഇപ്പോൾ അവസ്ഥ മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഫെസ്റ്റിവൽ സീസണിൽ ഐഫോണിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൗണ്ടർപോയിന്റ് റിസർച്ച് പോലുള്ള വിപണി വിശകലന സ്ഥാപനങ്ങളുടെ കണക്കുകൾ പ്രകാരം, ആപ്പിൾ ഇന്ത്യയിൽ 9-10 ശതമാനം വിപണി വിഹിതം നേടിയിരിക്കുന്നു.
ഇന്ത്യയിൽ ഐഫോൺ പ്രോ മോഡലുകൾ ഉൾപ്പെടെ നിർമ്മിക്കുന്നത് കമ്പനിയുടെ വിപണി വളർച്ചയിൽ നിർണായകമായ ഒരു ഘടകമാണ്. ഫോക്സ്‌കോൺ, പെഗാട്രോൺ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ ഐഫോണുകൾ അസംബ്ലി ചെയ്യുന്നത്. ഇപ്പോൾ ഏറ്റവും പുതിയ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നു. 2024 ൽ ആപ്പിൾ ഇന്ത്യയിൽ 1.20 കോടി ഐഫോണുകൾ വിറ്റഴിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023 ൽ ഇത് 90 ലക്ഷമായിരുന്നു.
വരുമാനത്തിലും ആപ്പിൾ ഇന്ത്യയിൽ വലിയ വളർച്ച രേഖപ്പെടുത്തുന്നുണ്ട് . 2023-24 സാമ്പത്തിക വർഷത്തിൽ അറ്റാദായം 23 ശതമാനം ഉയർന്ന് 2,745.7 കോടി രൂപയിലും വരുമാനം 36 ശതമാനം വർധിച്ച് 67,121.6 കോടി രൂപയിലുമെത്തി. ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോൾ പ്രീമിയം സ്മാർട്ട്‌ഫോണുകളിലേക്ക് കൂടുതൽ താൽപര്യം കാണിക്കുന്നു എന്നതിന്റെ തെളിവാണ് ആപ്പിളിന്റെ ഈ വളർച്ച.
Be the first to comment