ഐഫോണുകളിലെ അലാറം ശബ്ദം കുറയുന്നു; പ്രശ്‌നം പരിഹരിക്കുന്നതായി ആപ്പിൾ

ഐഫോണുകളിൽ അലാറം ഓഫ് ആവാത്തതും ശബ്ദം കുറയുന്നതുമായി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ആപ്പിൾ കമ്പനി. സോഷ്യൽ മീഡിയയിൽ ആപ്പിൾ കമ്പനിക്കും ഐഫോണിനുമെതിരെ നിറഞ്ഞ പരാതികൾക്ക് പിന്നാലെയാണ് ആപ്പിൾ ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

പ്രശ്‌നം എത്ര പേരെ ബാധിച്ചുവെന്നോ ഏതൊക്കെ ഉപകരണങ്ങൾക്ക് ഈ പ്രശ്‌നമുണ്ടെന്നും ഉള്ള കാര്യം വ്യക്തമല്ലെങ്കിലും, പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നതായി ആപ്പിൾ പറഞ്ഞു.

അതേസമയം, അലാറം പ്രശ്‌നത്തിന് കാരണം ഏതു ഫീച്ചർ ആണെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ആപ്പിൾ തയാറായിട്ടില്ല. ടിക് ടോക്കിലൂടെയാണ് പ്രധാനമായും ആപ്പിൾ ഫോണുകളിലെ അലാറത്തിനെ കുറിച്ചുള്ള പരാതികൾ ആദ്യം പുറത്തുവന്നത്. പലപ്പോഴും അലാറം ശബ്ദിക്കുന്നത് കേൾക്കാത്തതിനാൽ സമയനിഷ്ട പാലിക്കാൻ സാധിക്കുന്നില്ലെന്ന് വിവിധ ഉപഭോക്താക്കൾ വീഡിയോയിലൂടെ പറഞ്ഞു. ചിലസമയങ്ങളിൽ അലാറം ഓഫ് ചെയ്താലും പിന്നെയും ശബ്ദിക്കുന്നതായും ഉപഭോക്താക്കൾ പരാതി ഉന്നയിക്കുന്നുണ്ട്. ഫോണിന് അടുത്ത് ഉപഭോക്താവ് ഉണ്ടെങ്കിൽ നോട്ടിഫിക്കേഷൻ സൗണ്ട് കുറയാനുള്ള സാധ്യതയുണ്ടെന്നും ഇതായിരിക്കാം അലാറത്തിന്റെ ശബ്ദം കുറയാനുള്ള കാരണമെന്നുമാണ് ചിലർ പറയുന്നത്.

സമാനമായ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ ഐഫോണുകളിലെ രണ്ട് ക്രമീകരണങ്ങൾ പരിശോധിക്കുന്നത് നല്ലതാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഒന്ന് സെറ്റിങ്‌സിൽ സൗണ്ട് & ഹാപ്റ്റിക്സ് എന്നതിന് കീഴിലുള്ള റിംഗ്ടോണും അലേർട്ടുകളുടെ വോളിയം സ്ലൈഡർ ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ്.

‘ബട്ടണുകൾ ഉപയോഗിച്ച് മാറ്റുക’ എന്നതിന് താഴെ ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കിൽ, അബദ്ധത്തിൽ നിങ്ങളുടെ അലാറത്തിന്റെ വോളിയം കുറയുന്നതിന് സാധ്യതയുണ്ട്. മറ്റൊന്ന് സെറ്റിങ്‌സിൽ ഫെയ്സ് ഐഡി & പാസ്‌കോഡ് എന്നതിന് താഴെയുള്ള ”അറ്റൻഷൻ അവെയർ ഫീച്ചറുകൾ” ടോഗിൾ ഓഫാക്കുന്നതും പ്രശ്‌ന പരിഹാരത്തിന് നല്ലതാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഫോൺ മുഖത്തിന് അഭിമുഖമായി വച്ചുകൊണ്ട് ഉറങ്ങുകയും പൂർണമായി ഉണരാതെ കണ്ണുതുറക്കുകയും ചെയ്താൽ അലാറം പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നും ടിക് ടോക് വീഡിയോയിലെ ഒരു ഉപഭോക്താവ് പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*