മെറ്റയ്‌ക്ക് എതിരാളി: സ്‌മാർട് ഗ്ലാസും ക്യാമറയുള്ള എയർപോഡും; പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ

ഹൈദരാബാദ്: മെറ്റയുടെ ഓഗ്‌മെന്‍റഡ് റിയാലിറ്റി സ്‌മാർട്ട്‌ ഗ്ലാസിന്‍റെ മാതൃകയിൽ പുതിയ സ്‌മാർട്‌ ഗ്ലാസുകൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഇതിനു പുറമെ ക്യാമറയുള്ള എയർപോഡും ആപ്പിൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 2027ലായിരിക്കും പുതിയ വിഷ്വൽ ഡിവൈസുകൾ പുറത്തിറക്കുക.

മെറ്റ അടുത്തിടെ ലോഞ്ച് ചെയ്‌ത റേ-ബാൻ ഗ്ലാസിനോട് സാമ്യതയുള്ളതായിരിക്കും ആപ്പിൾ പുറത്തിറക്കുന്ന വിഷ്വൽ ഉപകരണങ്ങളും. ക്യാമറയും സ്‌പീക്കറും മൈക്രോഫോണുകളും ഈ സ്‌മാർട് ഗ്ലാസിൽ ഉണ്ടായിരിക്കാം. ഓഗ്‌മെന്‍റഡ് റിയാലിറ്റി, വിഷ്വൽ ഇന്‍റലിജൻസ് എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകൾ സ്‌മാർട് ഗ്ലാസിലുണ്ടാകും.

ആപ്പിൾ ഈ വർഷത്തിന്‍റെ തുടക്കത്തിൽ വിഷൻ പ്രോ ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചിരുന്നു. തുടക്കത്തിൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ വിൽപ്പന നടന്നെങ്കിലും, പിന്നീട് വിൽപ്പന കുറയുകയായിരുന്നു. തങ്ങളുടെ നിക്ഷേപം തിരിച്ചുപിടിക്കുന്നത് ലക്ഷ്യമിട്ടാണ് ആപ്പിൾ സ്‌മാർട്ട് ഗ്ലാസുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടുകൾ പറയുന്നത്.

ക്യാമറകളുള്ള പുതിയ ഐപോഡ്, സ്‌മാർട് ഗ്ലാസ് ഉൾപ്പെടെ നാല് ഉപകരണങ്ങൾ കൂടി ആപ്പിൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം വിഷൻ പ്രോ ഹെഡ്‌സെറ്റിൻ്റെ വിലകുറഞ്ഞ പതിപ്പ് പുറത്തിറക്കുന്നതായും സൂചനകളുണ്ട്. 2025ൻ്റെ ആരംഭത്തിലായിരിക്കും പുറത്തിറക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*