ന്യൂഡൽഹി: കെ വസുകി ഐഎഎസിൻ്റെ നിയമനത്തിൽ സംസ്ഥാന സർക്കാരിന് വിദേശകാര്യ വക്താവ് താക്കീത് നൽകിയതിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി വി വേണു. വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ ഉത്തരവ് തെറ്റാണെന്ന് പറഞ്ഞിട്ടില്ലെന്നും വേണു പറഞ്ഞു. വസുകിയുടെ നിയമനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ അധികാര പരിധി അറിയുന്നവരാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ. വിഷയത്തിൽ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചാൽ അക്കാര്യത്തിൽ മറുപടി നൽകുമെന്നും വേണു പ്രതികരിച്ചു. സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്നും ഭരണഘടന പ്രകാരം വിദേശകാര്യം യൂണിയൻ ലിസ്റ്റിൽ പെട്ടതാണെന്നുമാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞത്.
അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുത്. വിദേശകാര്യം കേന്ദ്ര പട്ടികയിൽ പെട്ടതാണ്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്നുമാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം താക്കീത് നൽകിയത്. കെ വസുകിക്ക് വിദേശസഹകരണത്തിന്റെ ചുമതല കൂടി കേരളം നൽകിയ സംഭവം മുൻപ് വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്.
കേരളം വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചു എന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. എന്നാൽ വിദേശകാര്യ സെക്രട്ടറിയെന്നത് വ്യാജ വാർത്തയാണെന്ന് ചീഫ് സെക്രട്ടറി വി വേണു വിശദീകരിച്ചു. വിദേശ ഏജൻസികളുമായി ഏകോപനത്തിന് ഇതാദ്യമായല്ല ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തിയാണുള്ളതെന്ന് വിദേശകാര്യ വക്താവും പ്രതികരിച്ചു.
Be the first to comment