ഏറ്റുമാനൂരപ്പന് ഇന്ന് ആറാട്ട്; അറിയാം… കൂടുതലായി

WebDesk

ഏറ്റുമാനൂര്‍ : എട്ടുദിക്പാലരും മുട്ടുകുത്തിത്തൊഴുന്ന ഏറ്റുമാനൂരപ്പന് ഇന്ന് ആറാട്ട്. കോട്ടയം പേരൂരിലുള്ള പൂവത്തുംമൂട് കടവിലാണ് ആറാട്ട് നടക്കുന്നത്. കുംഭമാസത്തിലെ തിരുവാതിര നാളിലാണ് ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുന്നത്. ഏറ്റുമാനൂരപ്പന്‌റെ ആറാട്ട് നടക്കുമ്പോള്‍ മറുകരയില്‍ പെരുങ്ങള്ളൂര്‍ മഹാദേവനും ആറാട്ട് നടക്കും. ഒരേ ആറിന് അക്കരയിക്കരെ ഒരേ സമയം ആറാട്ട് നടക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങിനാണു നാടും നഗരവും സാക്ഷിയാകുന്നത്. വലിയ സ്വര്‍ണത്തിടമ്പില്‍ ഭാഗവാന്‍ ആറാട്ടിനായി ശ്രീകോവില്‍ നിന്നു കൊടിമരച്ചുവട്ടിലേക്കു ഇറങ്ങുമ്പോള്‍ ഭക്തര്‍ തൊഴുകൈകളോടെ ഓം നമഃശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിക്കും. പിന്നീട് ആറാട്ട് പ്രദക്ഷിണം നടക്കുമ്പോൾ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ഒരോ നടയിലും ഭക്തര്‍ പറകള്‍ നിറച്ച് ഭഗവാനെ സ്വീകരിക്കും.

ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ആറാട്ടിനു മഹാദേവന്റെ തിടമ്പേറ്റുന്ന ആനയ്ക്കു പുറമേ മറ്റ് രണ്ടാനകളും ഭഗവാനു അകമ്പടിയേകും. ആറാട്ട് കടന്നു പോകുന്ന വഴികള്‍ പൂര്‍ണമായും അലങ്കാരത്തില്‍ നിറഞ്ഞിരിക്കും. നാനാജാതി മതസ്ഥരാണു ഭഗവാന്റെ ആറാട്ടിനെ വരവേല്‍ക്കുന്നതിനു സ്വീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദീപാലങ്കാരവും നിറപറ, നുറുകണക്കിന് നിലവിളക്ക് എന്നിവ ഒരുക്കുന്നതിന് പുറമെ വിവിധ സ്ഥലങ്ങളിൽ വിവിധ കലാപരിപാടികളും രാവിലെ മുതൽ സദ്യ വട്ടങ്ങളും ഭക്തർ ഒരുക്കിയിട്ടുണ്ട്. രാത്രിയിൽ ചൂടുവെള്ളം, മോരും വെള്ളം, കഞ്ഞി എന്നിവയും ഭക്തർ വഴിപാടായി നൽകുന്നു.

ദീപാരാധന സമയത്ത് ആറാട്ടെഴുന്നള്ളിപ്പ് പേരൂര്‍ക്കാവില്‍ എത്തും. നിറപറയും നിലവിളക്കും ഒരുക്കിയാണു ഭഗവാനെ പേരൂര്‍ക്കാവില്‍ സ്വീകരിക്കുന്നത്. പേരൂര്‍ക്കാവിലമ്മ ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണു സങ്കല്‍പം. ആചരപ്പെരുമയില്‍ പേരൂര്‍ക്കാവില്‍ പണക്കിഴി സമര്‍പ്പിച്ച ശേഷമാണ് ആറാട്ട് കടവിലേക്കു നീങ്ങുക. പേരൂര്‍ പൂവത്തുംമൂട് കടവില്‍ ഏറ്റുമാനൂരപ്പനും പെരുങ്ങള്ളൂര്‍ മഹാദേവനും ഒരേ സമയം ആറാടുമ്പോള്‍ ഭക്തജനങ്ങളും ആറാട്ട്കടവില്‍ മുങ്ങും.

ഭക്തര്‍ പറകള്‍ നിറച്ച വീഥിയിലൂടെണു ഭഗവാന്റെ ആറാട്ടിനു ശേഷമുള്ള തിരിച്ചു എഴുന്നള്ളിപ്പ്. തിരിച്ചെഴുന്നള്ളിപ്പ് ചാലയ്ക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പള്‍ ‘ശൈവ വൈഷ്ണു’ സംഗമം നടക്കും. ഈ സമയം ഭഗവാന്‍ ശൈവ-വൈഷ്ണവ ചൈതന്യങ്ങള്‍ നിറഞ്ഞ ശങ്കരനാരായണനായി സങ്കല്‍പിക്കപ്പെടുന്നു. തിരിച്ചെഴുന്നള്ളിപ്പ് പേരൂര്‍കാവില്‍ എത്തുമ്പള്‍ വാദ്യഘോഷങ്ങള്‍ നിര്‍ത്തും. കാവിനു പിന്നിലൂടെ നിശബ്ദമായാണു മടക്കം. വെളുപ്പിന് ഏറ്റുമാനൂരിൽ എത്തുന്ന ആറാട്ടിനെ വരവേൽക്കാൻ ഗജവീരന്മാരും ഏഴരപ്പൊന്നാനയും ഭക്തജനങ്ങളും കോവിൽ പാടത്തു തയ്യാറായി നിൽക്കും. അവിടെ നിന്നും വരവേൽപ്പോടെ ക്ഷേത്രത്തിലെത്തുന്നതോടെ കൊടിയിറക്കം നടത്തി പത്തുനാൾ ഉത്സവം സമാപിക്കുന്നു.

 

*ഏറ്റുമാനൂർ ക്ഷേത്രത്തെക്കുറിച്ചു-

  • ഏറ്റുമാനൂരപ്പൻ പ്രധാന പ്രതിഷ്ഠ

തിരുവേറ്റുമാനൂരപ്പ (ശിവൻ) നാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അഘോരമൂർത്തി സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. ‘അഘോരൻ’ എന്ന വാക്കിന് ഒട്ടും ഘോരനല്ലാത്തവനെന്നും ഏറ്റവും ഘോരനായവനെന്നും അർത്ഥം പറഞ്ഞുവരുന്നു. ദുഷ്ടർക്ക് ഏറ്റവും ഘോരനായും, ശിഷ്ടർക്ക് ഏറ്റവും സൗമ്യനുമായി കാണപ്പെടുന്നു എന്നാണ് വിശ്വാസം. എന്നാലും, പൊതുവേ ഉഗ്രമൂർത്തീസങ്കല്പമാണ് ഈ പ്രതിഷ്ഠയ്ക്ക്. മൂന്നരയടിയോളം ഉയരമുള്ള ശിവലിംഗത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഏറ്റുമാനൂരപ്പൻ കുടികൊള്ളുന്നത്. ഭഗവാൻ ഇവിടെ ദിവസവും മൂന്നുഭാവങ്ങളിൽ ദർശനം നൽകുന്നതായാണ് വിശ്വാസം. രാവിലെ ശിവശക്തി ഐക്യരൂപമായ അർദ്ധനാരീശ്വരനായും, ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് അദ്ദേഹത്തിന് പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും, വൈകീട്ട് പ്രപഞ്ചത്തെ മുച്ചൂടും ഇല്ലാതാക്കുന്ന സംഹാരരുദ്രനായും. രാവിലെ, അപസ്മാരയക്ഷനെ ചവുട്ടിമെതിയ്ക്കുന്ന നടരാജനും, ഉച്ചയ്ക്ക് നരസിംഹമൂർത്തിയുടെ കോപമടക്കിയ ശരഭനും, വൈകീട്ട് അർദ്ധനാരീശ്വരനുമാണെന്നൊരു പാഠഭേദം കൂടിയുണ്ട്. വലിയ വിളക്കിൽ എണ്ണയൊഴിയ്ക്കുന്നതാണ് ഏറ്റുമാനൂരപ്പന്റെ പ്രധാന വഴിപാട്. ധാര, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല എന്നിവയും പ്രധാനമാണ്.

   * ഉപദേവതകൾ

  • ഗണപതി

ഏറ്റുമാനൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായാണ് ഗണപതിപ്രതിഷ്ഠയുള്ളത്. മൂന്നടിയോളം ഉയരം വരുന്ന ചതുർബാഹുവിഗ്രഹം മഹാഗണപതിയുടെ രൂപത്തിലാണ്. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യവും ഗണപതിഹോമം നടന്നുവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ.

  • ദക്ഷിണാമൂർത്തി

ഹൈന്ദവവിശ്വാസപ്രകാരം പ്രപഞ്ചത്തിന്റെ ആദിഗുരുവായി പറയപ്പെടുന്ന ദക്ഷിണാമൂർത്തി ശിവന്റെ ഒരു വകഭേദമാണ്. വിദ്യാഭ്യാസ പുരോഗതിയ്ക്ക് സരസ്വതിയ്ക്കും ഗണപതിയ്ക്കുമൊപ്പം ദക്ഷിണാമൂർത്തിയെയും പൂജിയ്ക്കാറുണ്ട്. ഏറ്റുമാനൂരിലെ ശ്രീകോവിലിന്റെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ഗണപതിയ്ക്കൊപ്പമാണ് ദക്ഷിണാമൂർത്തിയ്ക്കും പ്രതിഷ്ഠ. മഹാഭാരതം വിവർത്തനം എഴുതുന്ന സമയത്ത് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇവിടെ വന്ന് ദർശനം നടത്തിയിരുന്നതായി പറയപ്പെടുന്നു. ശിവസാന്നിദ്ധ്യമായതുകൊണ്ട് ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും നടത്താറുണ്ട്.

  • ശാസ്താവ്

നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് ശാസ്താവിന്റെ പ്രതിഷ്ഠ. രണ്ടടിയോളം ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ഒരുകയ്യിൽ അമ്പും മറുകയ്യിൽ അമ്പും ധരിച്ച കിരാതശാസ്താവാണ് ഇവിടെയുള്ളത്. ശാസ്താവിന് നീരാജനം കത്തിയ്ക്കുന്നതാണ് പ്രധാന വഴിപാട്. അപ്പം, അട, പായസം, നെയ്യഭിഷേകം തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഈ ശാസ്താവിന്റെ നടയിലാണ്.

  • ദുർഗ്ഗ

ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുപടിഞ്ഞാറേത്തൂണിലാണ് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ. അഷ്ടബാഹുക്കളോടുകൂടിയ അത്യുഗ്രദേവതയാണ് ഇവിടെ ദേവി. മഹിഷാസുരനെ വധിച്ചശേഷമുള്ള ഭാവമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മഞ്ഞൾ-കുങ്കുമാർച്ചന, നെയ്പായസം തുടങ്ങിയവയാണ് ദേവിയ്ക്ക് പ്രധാന വഴിപാടുകൾ.

  • യക്ഷിയമ്മ

ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുകിഴക്കേത്തൂണിലാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. വാൽക്കണ്ണാടി നോക്കുന്ന ഒരു സ്ത്രീയുടെ രൂപമാണ് യക്ഷിയമ്മയ്ക്ക്. ദിവസവും വിളക്കുവയ്പും ഇളനീരും വറപൊടിയുമല്ലാതെ മറ്റ് വഴിപാടുകളൊന്നുമില്ല.

  • നാഗദൈവങ്ങൾ

നാലമ്പലത്തിന് പുറത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും മറ്റ് സർപ്പങ്ങളുമടങ്ങിയതാണ് ഈ തറ. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ.

   * നിത്യ പൂജകൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് ഏറ്റുമാനൂർ ക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടെയും ശംഖനാദത്തോടെയും പള്ളിയുണർത്തൽ. തുടർന്ന് നാലുമണിയ്ക്ക് നടതുറക്കും. തുടർന്ന് അരമണിക്കൂർ നിർമ്മാല്യദർശനം. പിന്നീട് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞാൽ നിവേദ്യം, പിന്നീട് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് ‘മാധവിപ്പള്ളിപ്പൂജ’ എന്നു പേരുണ്ട്. ഉഷഃപൂജ കഴിഞ്ഞ ഉടനെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങും. സൂര്യോദയസമയത്താണ് ഈ പൂജ നടക്കുന്നത്. പിന്നീട് തന്റെ ഭൂതഗണങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഭഗവാൻ ഇറങ്ങുന്നു. ഇതാണ് കാലത്തെ ശീവേലി. മേൽശാന്തി ശ്രീകോവിലിൽനിന്നിറങ്ങി ബലിക്കല്ലുകളിൽ ബലി തൂകുന്നു. തുടർന്ന് തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. ശീവേലിയ്ക്ക് എല്ലാ ക്ഷേത്രവാദ്യങ്ങളും അകമ്പടി സേവിയ്ക്കുന്നു. ശീവേലിയ്ക്ക് ഭഗവാന്റെ പിന്നാലെ ഭക്തരും പ്രദക്ഷിണം വയ്ക്കുന്നു. അവസാനപ്രദക്ഷിണം ഓട്ടപ്രദക്ഷിണമായിരിയ്ക്കും.

നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത്, അതായത് രാവിലെ എട്ടുമണിയ്ക്ക്, പന്തീരടിപൂജ തുടങ്ങും. പന്തീരടിപൂജ കഴിഞ്ഞ ഉടനെ ധാര തുടങ്ങും. പിന്നീട് നവകാഭിഷേകം. ഉച്ചപ്പൂജയും ശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും. അവകഴിഞ്ഞാൽ തൃപ്പുക തുടങ്ങുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിൽ അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. തൃപ്പുക കഴിഞ്ഞ് രാത്രി എട്ടുമണിയോടെ വീണ്ടും നടയടയ്ക്കുന്നു.

ശബരിമലയിൽ തന്ത്രാവകാശമുള്ള ചെങ്ങന്നൂർ താഴമൺ മഠത്തിനാണ് ഇവിടെയും തന്ത്രാവകാശം കിട്ടിയിരിയ്ക്കുന്നത്. പത്തിലത്തിൽക്കാർക്കാണ് മേൽശാന്തിമാരാകാൻ അവകാശം.

  • ക്ഷേത്രത്തിലെ പ്രധാന പ്രത്യേകത

കൊല്ലവർഷം 720-ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല. ഇതിനെ കേടാവിളക്ക്,വലിയ വിളക്ക് എന്ന് പറയുന്നു. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്.
ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.

വിവരങ്ങൾക്ക് കടപ്പാട് :

ക്ഷേത്രത്തിലെ മുൻ മേൽശാന്തിന്മാർ, ക്ഷേത്ര ജീവനക്കാർ, ക്ഷേത്ര അധികാരികൾ.

 

Be the first to comment

Leave a Reply

Your email address will not be published.


*