സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. ദൈവനിയോഗമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നുമാണ് റാഫേല്‍ തട്ടിലിന്റെ ആദ്യ പ്രതികരണം.
ഔസേപ്പ്- തെരേസ ദമ്പതികളുടെ മകനായി 1956 ഏപ്രില്‍ 21ന് ജനിച്ച റാഫേല്‍ തട്ടില്‍ 1956 ഏപ്രില്‍ 30ന് തൃശൂരിലാണ് മാമോദിസ മുക്കി ആചാരപ്രകാരം ക്രിസ്ത്യന്‍ മതത്തിലേക്ക് പ്രവേശിക്കുന്നത്. തൃശൂർ സെന്റ് തോമസ് കോളേജില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1971 ജൂലൈ നാലിന് സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ പ്രവേശനം നേടി.1980ല്‍ സെന്റ് തോമസ് അപോസ്റ്റോളിക് സെമിനാരിയില്‍നിന്ന് ഫിലോസഫിയിലും വൈദികശാസ്ത്രത്തിലും (തിയോളജി) പഠനം പൂര്‍ത്തിയാക്കി.
1980 ഡിസംബര്‍ 21ന് തൃശൂരിലെ ഡോളൂറസ് ബസിലിക്കയില്‍ മാര്‍ ജോസഫ് കുണ്ടുകുളത്തിലില്‍നിന്നുമാണ് റാഫേല്‍ തട്ടില്‍ അഭിഷിക്തനായത്. ഉന്നത വിദ്യാഭ്യാസം റോമില്‍ പൂര്‍ത്തിയാക്കിയ റാഫേല്‍ തട്ടില്‍ ഓറിയന്റല്‍ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി. ‘സീറോ മലബാര്‍ സഭയിലെ വൈദിക ഘടന; ഒരു ചരിത്ര-നിയമ പഠനം’ എന്ന പഠനത്തിനാണ് ഡോക്ടറേറ്റ് നേടിയത്.
അഭിഷിക്തനായതിനുശേഷം ആറനാട്ടുകാരയില്‍ അസിസ്റ്റന്റ് വികാരി , സെന്റ്. മേരീസ് മൈനര്‍ സെമിനാരിയില്‍ ഫാ. പ്രെഫക്റ്റ് ആന്‍ഡ് പ്രൊക്യുറേറ്റര്‍ , കൂനംമൂച്ചിയില്‍ ആക്റ്റിങ് വികാരി, ചെറുംകുഴിയില്‍ ആക്റ്റിങ് വികാരി എന്നീ സ്ഥാനങ്ങളില്‍ റാഫേല്‍ തട്ടില്‍ പ്രവര്‍ത്തിച്ചു. റോമില്‍ നിന്നു തിരിച്ചു വന്നതിനുശേഷം ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, അഡ്ജോണ്‍ ജ്യുഡീഷ്യല്‍ വികാരി, ജഡ്ജി എന്നീ സ്ഥാനങ്ങളും വഹിച്ചു. പിന്നീട് സിന്‍സെല്ലസായും പ്രോടോ സിന്‍സെല്ലസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992-1995 കാലഘട്ടത്തില്‍ ഡിബിസിഎല്‍സി ആന്‍ഡ് കാറ്റചിസത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. മേരിമാതാ സെമിനാരിയുടെ ആദ്യ റെക്ടറായി നിയമിതനായി ഏതാനും മാസങ്ങള്‍ക്കകം 1998 ജനുവരി 20ന് സെമിനാരിയുടെ പ്രൊജക്ട് ഓഫീസറായി. നിരവധി കമ്മിറ്റികളിലും കമ്മീഷനുകളിലും അംഗമായും പ്രസിഡന്റായും റാഫേല്‍ തട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2010 ഏപ്രില്‍ 10ന് ബിഷപ്പായി നിയമിതനായ അദ്ദേഹം തൃശൂരിലെ സഹായ മെത്രാനായും ബ്രൂണിയിലെ ടിറ്റുലാര്‍ ബിഷപ്പായും പ്രവര്‍ത്തിച്ചു. 2014ല്‍ ടെറിറ്റോറിയത്തിന് പുറത്ത് താമസിക്കുന്ന സീറോ-മലബാര്‍ വിശ്വാസികളുടെ അപ്പസ്തോലിക സന്ദര്‍ശകനായും ചുമതലയേറ്റിട്ടുണ്ട്. 2017 ഒക്ടോബര്‍ 10ന് ഷംഷാബാദിലെ സീറോ-മലബാര്‍ കത്തോലിക്ക് എപാര്‍ക്കിയുടെ പ്രഥമ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ നാമകരണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് 2018 ജനുവരി ഏഴിന് റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണം ചെയ്യുകയായിരുന്നു.
Be the first to comment