യാത്രാ ചെയ്യുമ്പോൾ ഛർദ്ദിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഇനി വിഷമിക്കേണ്ട, ഇതാ ചില ടിപ്പുകൾ

യാത്രകൾ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഓരോ യാത്രകളും ജീവിതത്തിന്‍റെ ഓരോ ഏടുകളാണ്. എന്നാൽ യാത്ര ചെയ്യാൻ ഒരുപാട് ഇഷ്‌ടമാണെങ്കിലും ചിലർക്ക് അതിനു സാധിക്കാറില്ല. പലകാരണങ്ങൾ കൊണ്ട് അത് സംഭവിക്കാം. എന്നാൽ യാത്ര ചെയ്യാൻ സമയവും സന്ദർഭവും സാമ്പത്തികവും തുടങ്ങി എല്ലാം ഒത്തുവരുമ്പോഴും വില്ലനാകുന്ന ഒന്നാണ് ഛർദ്ദി. ഈ സാഹചര്യം യാത്രയെന്ന ആഗ്രഹത്തിൽ നിന്നും പലരെയും മാറ്റി നിർത്താറുണ്ട്. എത്ര മനോഹരമായ യാത്രയാണെങ്കിലും അത് ആസ്വാദ്യകരമാല്ലാതാക്കാൻ ഛർദ്ദി മാത്രം മതി. എന്താണ് ഇതിന് കാരണം? യാത്ര ചെയ്യുമ്പോഴുള്ള ഛർദ്ദി തടയാൻ എന്തെങ്കിലും പരിഹാര മാർഗങ്ങളുണ്ടോ? അറിയാം.

യാത്രാവേളയിൽ ഛർദ്ദിക്കുന്നതിന്‍റെ കാരണങ്ങൾ

മോഷന്‍ സിക്‌നസ്‌, കൈനറ്റോസിസ്‌ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. കണ്ണുകൾ തലച്ചോറിന് നൽകുന്ന കാഴ്ച്ചകളുടെ സന്ദേശവും ചെവിയുടെ ആന്തരിക ഭാഗം നൽകുന്ന സന്ദേശവും തമ്മിൽ പൊരുത്തമില്ലായ്‌മ തലച്ചോറിൽ ആശയകുഴപ്പം ഉണ്ടാക്കുന്നു. ഇതാണ് യാത്ര വേളകളിൽ ഛർദ്ദി അനുഭവപ്പെടുന്നതിന് (മോഷന്‍ സിക്‌നസ്‌) കാരണം.

കണ്ണുകൾ, കൈകൾ, കാലുകൾ, ചെവി എന്നിവ തലച്ചോറിലേക്ക് അയക്കുന്ന വിവരങ്ങൾ വഴിയാണ് നമ്മൾ എന്ത് ചെയ്യുന്നു എന്നതിനെ കുറിച്ച് തലച്ചോർ മനസിലാക്കുന്നത്. യാത്ര ചെയ്യുമ്പോൾ തലച്ചോറിലേക്ക് നൽകുന്ന വിവരങ്ങൾ തമ്മിൽ പൊരുത്തക്കേട് ഉണ്ടാകുകയും ഇത് തലച്ചോറിൽ ആശയകുഴപ്പം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഛർദ്ദി, തലകറക്കം, ഓക്കാനം എന്നിവ പോലുള്ള ദേഹാസ്വസ്ഥയത്തിലേക്ക് നയിക്കുന്നു.

യാത്ര ചെയ്യുമ്പോൾ ഛർദ്ദി ഒഴിവാക്കാൻ ഇതാ ചില മാർഗങ്ങൾ

ഇഞ്ചി: യാത്ര ചെയ്യുമ്പോൾ ഛർദ്ദി, ഓക്കാനം, തലകറക്കം തുടങ്ങിയവ അനുഭവപ്പെടുന്നവർ ഒരു ചെറിയ കഷ്‌ണം ഇഞ്ചിയോ ഇഞ്ചി മിഠായിയോ കൈയിൽ കരുതുന്നത് നല്ലതാണ്. പൊതുവെ ഇഞ്ചി ചായ കുടിച്ചാൽ തലകറക്കത്തിന് ആശ്വാസം ലഭിക്കുമെന്ന് ജനറൽ പ്രാക്‌ടീഷണർ പൂജിത പറയുന്നു.

ഏലം: യാത്രയ്ക്കിടെ ഏലയ്ക്ക ചവച്ചാൽ ഛർദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങൾ തടയാം.

തുളസി: യാത്രയ്ക്കിടെ ഛർദ്ദി അനുഭവപ്പെടുന്നവർക്ക് തുളസിയില നല്ല ഒരു പ്രതിവിധിയാണ്. രണ്ടോ മൂന്നോ തുളസിയില ചവയ്ക്കുമ്പോൾ ഛർദ്ദി ഇല്ലാതാക്കാൻ സഹായിക്കുന്നു.

മോഷന്‍ സിക്‌നസ്‌ ഒഴിവാക്കാനുള്ള ചില വഴികൾ

  • യാത്രയ്ക്കിടെ ഛർദ്ദി അനുഭവപ്പെടുന്നവർ യാത്രയ്ക്ക് ഒരു മണിക്കൂർ മുമ്പ് എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക.
  • കാറിൻ്റെയോ ബസിൻ്റെയോ മുൻവശത്ത് ഇരിക്കുക
  • വിൻഡോ സീറ്റ് തിരഞ്ഞെടുക്കുക
  • യാത്രയ്ക്ക് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക
  • ഫോണിൽ നോക്കിയുള്ള വായന ഒഴിവാക്കുക
  • പാട്ട് കേൾക്കുക
  • വാഹനത്തിൽ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തുക
  • നന്നായി ഉറങ്ങുക
  • യാത്രയ്ക്ക് മുമ്പോ യാത്രയ്ക്കിടയിലോ മിതമായി മാത്രം ഭക്ഷണം കഴിക്കുക
  • ഇഞ്ചിയും പുളിയുള്ള മിഠായികളും കൈയിൽ കരുതുക
  • പുകവലി ഒഴിവാക്കുക

Be the first to comment

Leave a Reply

Your email address will not be published.


*